കൊല്ലം: ടാഡാ നിയമത്തിലെ കാര്‍ക്കശ്യമുള്ള വകുപ്പുകള്‍ കാരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞതെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. കൊല്ലം ബാര്‍ അസോസിയേഷന് ആരംഭിച്ച നിയമ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസിനു മുന്നില്‍ പ്രതികള്‍ നല്കുന്ന കുറ്റസമ്മതമൊഴി ഇന്ത്യന്‍ നിയമപ്രകാരം കോടതികള്‍ക്ക് തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ടാഡ നിയമത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ തീവ്രവാദികള്‍ നല്കുന്ന കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കാന്‍ കോടതികളെ അധികാരപ്പെടുത്തിയിരുന്നു. രാജീവ്ഗാന്ധി വധക്കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ പ്രതികളുടെ നിയമപ്രകാരമുള്ള കുറ്റസമ്മതമൊഴി കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് പ്രതികളെ ശിക്ഷിക്കാന്‍ കോടതിക്ക് സാധിച്ചത്.
രാജ്യത്തിലെ പ്രധാനമന്ത്രിയെ വധിച്ച ഒരു കേസില്‍ തെളിവിന്റെ അഭാവത്തില്‍ പ്രതികളെ വിടേണ്ടിവന്നിരുന്നെങ്കില് നാം നേരിടേണ്ടിവരുമായിരുന്ന നാണക്കേട് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കൊല്ലം ജില്ല സെഷന്‍സ് ജഡ്ജ് ജോര്‍ജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.പി. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജില്ല സര്‍ക്കാര്‍ വക്കീല്‍ അഡ്വ. സുധീര്‍ ജേക്കബ്, മുന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം അഡ്വ. പാരിപ്പള്ളി രവീന്ദ്രന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഡ്വ. ബിനോയ്ബാല് സ്വാഗതവും അഡ്വ. വിനോദ് വെള്ളിമണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: