കുന്നത്തൂര്‍: എത്ര ഉയരത്തില്‍ നിന്നും താഴെ വീണാലും നാലുകാലില്‍ രക്ഷപ്പെടുന്ന പൂച്ചയുടെ വൈദഗ്ധ്യമാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കുന്നത്തൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ മൈക്രോ ഫിനാന്‍സിന്റെ പത്താം വാരാഘോഷം ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കേസില്‍ അകത്തായ ബാലകൃഷ്ണപിള്ളയെയും മകനെയും കൂട്ടുപിടിച്ചതാണ് അരുവിക്കരയില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം. ബാലകൃഷ്ണപിള്ള പോയ വഴിയെ പുല്ല് പോലും മുളച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന് പരിഹസിച്ചു.
അരുവിക്കരയില്‍ ഇടതുപക്ഷം തോറ്റതിന് പിന്നില്‍ എസ്എന്‍ഡിപിയാണെന്ന് പറയുന്നവര്‍ ബംഗാളിലെ തോല്‍വിക്ക് കാരണം എന്തെന്ന് വിശദീകരിക്കണമെന്നും യുവവോട്ടര്‍മാര്‍ കൂട്ടമായി ബിജെപിക്ക് വോട്ട് നല്‍കിയതുമൂലമാണ് അവര്‍ കുതിച്ചുമുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തനത്തിനായി കോടികളാണ് ക്രിസ്ത്യന്‍ സമൂഹം ചെലവാക്കുന്നതെന്നും സമുദായംഗങ്ങള്‍ ഇതിനെതിരെ ജാഗ്രതയിലായിരിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
യൂണിയന് പ്രസിഡന്റ് ഡോ.പി. കമലാസനന് അദ്ധ്യക്ഷത വഹിച്ചു. മൈക്രോ എന്റര്‍ പ്രൈസസ് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്റെ ഉദ്ഘാടനം പ്രീതി നടേശന് നിര്‍വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.വി.സാജന് വായ്പാവിതരണം നടത്തി.
കരുനാഗപ്പള്ളി യൂണിയന് സെക്രട്ടറി എ. സോമരാജന് മുഖ്യപ്രഭാഷണം നടത്തി. എസ്. വിജയന്, സന്ധ്യാലക്ഷ്മി, അഡ്വ.ഡി. സുധാകരന്, ബി..അജിത്ത്കുമാര്‍, അഡ്വ. സുഭാഷ്ചന്ദ്രബാബു, എന്‍. സുധര്‍മ്മന്‍, എന്‍. തങ്കപ്പന്, റാം മനോജ്, രമാ തുളസി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് സെക്രട്ടറി ശ്രീലയം ശ്രീനിവാസന് സ്വാഗതവും, വൈസ് പ്രസിഡന്റ് ആര് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: