കോട്ടയം: കഞ്ചാവുമായി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി ഷാഡോ പോലീസ് പിടിയില്‍. കുമരകം രണ്ടാം കലുങ്കിനു സമീപം കരീത്രയില്‍ വിഷ്ണു (ദിലീപ്, 20)വാണു 100 ഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരുനെല്‍വേലി പിഎസ്എന്‍ എന്‍ജീനിയറിങ്ങ് കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജീനിയറിങ്ങ് വിദ്യാര്‍ഥിയാണ് വിഷ്ണു. ഇയാള്‍ തിരുനെല്‍വേലിയില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് ഇവിടെ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. തിരുനെല്‍വേലിയില്‍ നിന്നു 300-400 രൂപയ്ക്കു വാങ്ങുന്ന പത്തു ഗ്രാം കഞ്ചാവ് അടങ്ങുന്ന പായ്ക്കറ്റ് 2000 രൂപയ്ക്കാണു ഇയാള്‍ ഇവിടെ വിറ്റിരുന്നത്. കുമരകം, ചെങ്ങളം, കാഞ്ഞിരം, കോട്ടയം, ചിങ്ങവനം, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ പ്രധാനമായും കഞ്ചാവു വിറ്റിരുന്നത്. ആവശ്യക്കാര്‍ക്ക് രണ്ടാം കലുങ്കിനു സമീപമുള്ള മോട്ടോര്‍ തറയിലെത്തിച്ചാണു കഞ്ചാവ് നല്‍കിയിരുന്നത്. മൂന്നുവര്‍ഷത്തോളമായി ഇയാള്‍ ഇവിടെ കഞ്ചാവു വില്‍പ്പന നടത്താന്‍ തുടങ്ങിയിട്ടെന്ന് പോലീസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഓപ്പറേഷന് ഗുരുകുലം പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം.പി. ദിനേശിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണു വിഷ്ണു അറസ്റ്റിലാകുന്നത്. ഇയാളില്‍ നിന്നു കഞ്ചാവു വാങ്ങിയിരുന്ന രണ്ടു വിദ്യാര്‍ഥികളെ മറയാക്കി നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ്.
കോട്ടയം ഡിവൈഎസ്പി വി.അജിത്, വെസ്റ്റ് സി.ഐ. സഖറിയ മാത്യു എന്നിവരുടെ മേല്‍നോട്ടത്തില്‍ കുമരകം എസ്.ഐ. കെ.ഷെരീഫ് ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ ഡിസി വര്‍ഗീസ്, പി.എന്‍. മനോജ്, ഐ. സജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: