ഇടുക്കിജില്ലയില്‍ ശാന്തന്‍പാറ പഞ്ചായത്തിലാണ് ചിരപുരാതനമായ വിജയലക്ഷ്മിക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും ഏഴായിരം അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം. പ്രകൃതിമനോഹരമായ സഹ്യപര്‍വ്വതത്തിന്റെ മലമടക്കുകളിലുള്ള ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ നിന്നും താഴോട്ട് നോക്കിയാല്‍ സുഖവാസ സ്ഥലമായ മൂന്നാര്‍ കാണാം. അതുപോലെ കിഴക്കോട്ട് നോക്കിയാല്‍ തമിഴ്നാട്ടിലെ പതിനഞ്ചില്‍പരം പട്ടണങ്ങളും കാണാം.
പ്രസിദ്ധ സിനിമാനടി കെ.ആര്.വിജയയാണ് ഈ ക്ഷേത്രം പുതുക്കി പണികഴിപ്പിച്ചത്. കെ.ആര്.വിജയ എസ്റ്റേറ്റിലാണ് ക്ഷേത്രം. അഞ്ചേക്കറോളം വരുന്ന കുളം. ഒരിക്കലും വറ്റാത്ത കുളം. എപ്പോഴും കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്ന ഈ കുളം അറിയപ്പെടുന്നത് നൂലാംകുളം എന്ന പേരിലാണ്. ക്ഷേത്രത്തിനോട് ചേര്‍ന്ന് രണ്ടേക്കറോളം വരുന്ന പൂന്തോട്ടമുണ്ട്. മണ്ണുവാരി തേച്ചതുപോലുള്ള കുറെ മരങ്ങള്‍. കുളത്തിലിറങ്ങി വെള്ളം കുടിച്ച കാട്ടാനകള്‍ പാംസുസ്നാനം കഴിഞ്ഞുള്ള യാത്രയില്‍ ദേഹമുരസുന്നത് ഈ മരങ്ങളിലാണത്രെ.
ക്ഷേത്രത്തില്‍ പ്രധാനദേവി മഹാലക്ഷ്മി. ചതുര്ബാഹുക്കളുണ്ട്. കിഴക്കോട്ട് ദര്‍ശനമേകുന്നു. കന്നിമൂലയില്‍ ഗണപതിയും അയ്യപ്പനും മീനം രാശിയില്‍ വേദവ്യാസ പ്രതിഷ്ഠയും പുറത്ത് നാഗ ദൈവങ്ങളുമുണ്ട്. മൂന്നുനേരം പൂജ. പൗര്‍ണമിക്ക് മഹാലക്ഷ്മിയെ മേനകയുടെ ഭാവത്തില്‍ പൂജിക്കപ്പെടുന്നു.
വെളുത്ത പുഷ്പങ്ങള്‍കൊണ്ടുള്ള അര്‍ച്ചന പ്രധാന വഴിപാടാണ്. മുല്ലമാലയും നാരങ്ങാമാലയും നാരങ്ങാ ദീപവും ഇവിടെ നടന്നുവരുന്നു. എല്ലാ പൗര്‍ണ്ണമിയ്ക്കും എല്ലാ പുണ്യദിനങ്ങളിലും വിശേഷാല്‍ പൂജയും അന്നദാനവുമുണ്ട്. നവരാത്രി ക്ഷേത്രോത്സവമായി കൊണ്ടാടിവരുന്നു. ദേവിയുടെ ഒന്‍പതു ഭാവങ്ങള്‍ ഓരോ ദിവസത്തേയും പൂജകളാകും. ഉത്സവദിവസങ്ങളില്‍ സംഗീതാര്ച്ചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: