പഞ്ചവാദത്തിലെ തിമിലനിരയിലെ മുഖ്യ സാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര നാരായണമാരാര്‍ അനുസ്മരണത്തിനൊപ്പം ഇക്കുറി മാതൃവന്ദനവും. വാദ്യരംഗത്ത് നാരായണമാരാര്‍ക്കൊപ്പം നിലനിന്നിരുന്ന പ്രശസ്തരുടെ പത്നിമാരെ അനുസ്മരണത്തിനൊപ്പം ആദരിക്കുകയാണ്. ഓഗസ്റ്റ് ആറിന് ചോറ്റാനിക്കര ക്ഷേത്രത്തിനടുത്ത ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ജീവിതം മുഴുവന്‍ കലക്കുവേണ്ടി ഉഴിഞ്ഞുവച്ച മേള വിദഗ്ധരെ ആദരിക്കുന്നത് സാധാരണമാണ്. എന്നാല്‍ അവരുടെ പത്നിമാരെ ഒരുവേദിയില്‍ ആദരിക്കുന്നത് ഒരുപക്ഷേ ഇതാദ്യമാകും.
ചോറ്റാനിക്കര നാരായണമാരാര്‍ ഓര്‍മ്മയായിട്ട് പതിനഞ്ച് വര്‍ഷം പിന്നിട്ടു.
ചോറ്റാനിക്കര ഭഗവതിയുടെ സോപാനത്തില്‍നിന്ന് വാദ്യം വായിച്ചുവളര്‍ന്ന് പ്രശസ്തിയുടെ ഉത്തുംഗത്തില്‍ എത്തി. വീരശൃംഖലയടക്കം നിരവധിപുരസ്കാരങ്ങള്‍ സ്വീകരിച്ചാണ് അദ്ദേഹം ഓര്‍മ്മയായത്. തന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായിനിര്വഹിച്ച് പിന്‍വാങ്ങുമ്പോള്‍ തൃശൂര്‍ പൂരത്തിന്റെ നായക പദവിയില്‍ വിരാജിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുസ്മരണത്തില്‍ എല്ലാവര്‍ഷവും ഒരുവാദ്യവല്ലഭന് സുവര്ണ്ണമുദ്രനല്കി വരുന്നു. പതിനഞ്ചാമാണ്ട് തികയുന്ന ഈവര്‍ഷം അതിഗംഭീരമായിട്ടാണ് അനുസ്മരണം.
നാരായണ മാരാര്‍ക്കൊപ്പം നിന്നിരുന്നവരുടെ പത്നിമാരായ രാമമംഗലം കുഞ്ഞുക്കുട്ടന് മാരാരുടെ പത്നി പാറുക്കുട്ടി മാരസ്യാര്‍, പെരുമ്പിള്ളി ഗോവിന്ദന്കുട്ടമാരാരുടെ പത്നി അമ്മുക്കുട്ടി മാരസ്യാര്‍, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാരുടെ പത്നി ലക്ഷമിക്കുട്ടി മാരസ്യാര്‍, ചെങ്ങമനാട് കുട്ടപ്പമാരാരുടെ പത്നി ലക്ഷമിക്കുട്ടി മാരസ്യാര്‍, പല്ലാവൂര്മണിയന് മാരാരുടെ പത്നി ശാന്താമാരസ്യാര്, പല്ലാവൂര്‍ കുഞ്ഞിക്കുട്ടമാരാരുടെ പത്നി സതീമാരസ്യാര്, ചോറ്റാനിക്കര ബാഹുലേയമാരാരുടെ പത്നിസരസ്വതിമാരസ്യാര്, കുഴൂര്ഗോപി മാരാരുടെ പത്നി അംബിക മാരസ്യാര്‍, കോതമംഗലം ബാലന് മാരാരുടെ പത്നി സരസ്വതി മാരസ്യാര്‍ എന്നിവരെ ചോറ്റാനിക്കര നാരായണമാരാരുടെ പത്നി അംബിക മാരസ്യാര്‍ എന്നിവരെയാണ് ആദരിക്കുന്നത്. വാദ്യലോകത്ത് പ്രവര്‍ത്തിച്ചു വന്നിരുന്നകാലത്ത് ഒരുപക്ഷെ ഇവര്‍ക്ക് ഒന്നിച്ച് ഒരുവേദിയില്എത്തിച്ചേരാന് സാധിച്ചിട്ടുണ്ടാവില്ല. അതിനു പകരമാണീ മാതൃപൂജ.
ദേവസന്നിധിയില് ഒരുജന്മം വാദ്യങ്ങള്‍ വായിച്ച് വിരാജിച്ചപ്പോല് അവര്‍ക്കെല്ലാം താങ്ങും തണലുമായി നിന്ന പത്നിമാര്‍ അതുപോലെ ബഹുമാനത്തിന് അര്‍ഹര്‍ തന്നെയാണ്.
നാരായണമാരാരുടെ മക്കളായ സത്യന് മാരാര്‍, സുഭാഷ് മാരാര്‍, സേതു മാരാര്എന്നിവരാണ് ഈ അമ്മമാരെ ആദരിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. അച്ഛന് തെളിച്ചപാതയില് ബഹുദൂരം മുന്നിലെത്തിയ ഇവരെല്ലാം പൂരപ്പറമ്പുകളുടെപ്രിയങ്കരന്മാര്തന്നെയാണ്.
വാദ്യരംഗത്ത് നിരവധിശിഷ്യരെ വളര്‍ത്തിയും പിന്‍ഗാമികളെ അടുത്തുനിര്ത്തിയും പ്രയോഗവൈവിധ്യത്തെ പറഞ്ഞുകൊടുത്തുകൊണ്ടാണ് നാരായണ മാരാരും അദ്ദേഹത്തിനൊപ്പമുള്ള മറ്റ് ആചാര്യന്മാരും യാത്രയായത്. തയമ്പുവീണ കയ്യും, ധന്യമായ മനസ്സും, ബഹുമാനവും വാത്സല്യവും, വിധേയത്വവും പുലര്‍ത്തിയാണ് അവരെല്ലാം നമുക്ക് ജീവിതം കാണിച്ചുതന്നത്. പഞ്ചവാദ്യത്തിന്റെരംഗത്തെ അച്ചടക്കം നിലനിര്‍ത്തിപ്പോന്നത് നാരായണമാരാരുടെ നേതൃത്വഗുണം ഒന്നുകൊണ്ടാണ്. ആത്മാര്‍ത്ഥതയുടെ പൂജാബിംബമായ അദ്ദേഹത്തിന്റെ പാത ഇന്നും സജീവമാണ്. ആവാദ്യവല്ലഭന്റെ അനുസ്മരണത്തില്‍ വാദ്യരംഗത്തെ എല്ലാവരുംവന്നുചേരും. വെറും ഒരുചടങ്ങാകാതെ ഹൃദയത്തെ അടുത്തറിയുന്ന നിമിഷമായിത്തീരുകയാണ് ആമഹാദിനം. അമ്മമാരെ ചേര്‍ത്തുനിര്‍ത്തുന്ന ആനിമിഷം തരുന്ന ധന്യത അതിലപ്പുറം മറ്റെന്തുവേണം.
ഉര്‍വശി ശാരദയാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. അവര്സിനിമയിലെത്തിയതിന്റെ അരനൂറ്റാണ്ടും എഴുപതാം പിറന്നാളും ആഘോഷിക്കുകയാണ്. പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടി, നൃത്തരംഗത്തെ പ്രശസ്ത ക്ഷേമാവതി, സാഹിത്യകാരി കെ. ആര്‍മീര. പാര്‍വതീ ജയറാം. എം. ജി. രാധാകൃഷ്ണന്റെ പത്നി പത്മജ, പ്രൊഫസര്‍. ലതാ ആര്. നായര്‍, ചോറ്റാനിക്കര ദേവസ്വംത്തിലെ വി. ആര്. രമാദേവി തുടങ്ങിയവര്‍ സദസ്സിനെ ധന്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: