കോഴിക്കോട് നഗരത്തിലാണ് രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള എടക്കാട് സുബ്രഹ്മണ്യ – ഗണപതി ക്ഷേത്രം. ഗണപതികാവ് എന്ന പേരിലും ഇത് പ്രസിദ്ധമാണ്. പുതിയങ്ങാടി – കക്കോടി റോഡരുകിലാണ് ഈ മഹാക്ഷേത്രം. അഴകും ശുചിത്വമുള്ള നഗരാന്തര്ഭാഗം. ചെങ്കല്ലു കൊണ്ടുതീര്‍ത്ത ശ്രീകോവില്‍. അതില്‍ രണ്ടുസ്ഥാനത്തായി പടിഞ്ഞാറോട്ട് ദര്‍ശനമായി സുബ്രഹ്മണ്യനും സുബ്രഹ്മണ്യന്റെ തെക്കുഭാഗത്ത് തെക്കോട്ട് ദര്‍ശനമായി ഗണപതിയും പ്രധാനദേവന്മാര്.
അമാനുഷനും അതിദിവ്യനുമായ ഒരു മഹര്‍ഷിവര്യന്റെ തപശക്തിയുടെ ഫലമായി സിദ്ധിച്ച സുബ്രഹ്മണ്യ ചൈതന്യത്തെപ്പറ്റി അറിയുവാന്‍ ഇടയായ ഒരു ഭക്തന് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിച്ചുവെന്നും അതോടൊപ്പം പ്രതിഷ്ഠാകര്‍മം നിര്വ്വഹിച്ചുവെന്നുമാണ് ഐതിഹ്യം. സുബ്രഹ്മണ്യനെ പ്രധാനദേവനായും ഗണപതിയെ ഉപദേവനായും പ്രതിഷ്ഠിക്കാനുള്ള ഒരുക്കങ്ങളായി. പ്രതിഷ്ഠയ്ക്കുള്ള യഥാര്‍ത്ഥ സമയമാകുമ്പോള്‍ സുബ്രഹ്മണ്യന്റെ വാഹനമായ മയില്‍ അവിടെ പറന്നെത്തുമെന്ന് ദേവപ്രശ്നത്താല്‍ തെളിഞ്ഞിരുന്നു. ആ മയില്‍ എത്തുന്നതും കാത്തുനില്ക്കുമ്പോള് മയില്പ്പീലിക്കെട്ടേന്തിയ ഒരു പൂജാരി അവിടെ എത്തി. അതൊരു നിമിത്തമായി കണക്കാക്കി.
പ്രതിഷ്ഠാ കര്‍മ്മത്തിനുള്ള യഥാര്‍ത്ഥ സമയം അടുത്തെത്തിയിരിക്കുന്നുവെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അല്പസമയത്തിനുള്ളില് മയില്‍ പറന്നെത്തി. അപ്പോള്‍ ഗണപതിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പില്ക്കാലത്ത് ഗണപതിക്കാവ് എന്ന് പ്രസിദ്ധമാകാന്‍ കാരണം ഇതായിരിക്കാം.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഗണപതി ഹോമമാണ്. നിത്യവും നടക്കാറുള്ള ഈ ഹോമം വിനായക ചതുര്ത്ഥിപോലുള്ള വിശേഷദിവസങ്ങളില്‍ നൂറുകണക്കിന് ഉണ്ടാകും. സമസ്ത സന്താപ നിവര്ത്തകവും സൗഭാഗ്യപ്രദവുമായ ഈ ഹോമകര്‍മ്മങ്ങളില്‍ പങ്കാളികളാവാന്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുക. വിളക്കുമാലയും, പഞ്ചാമൃതനിവേദ്യവും പായസവും ഉണ്ണിയപ്പത്തിന്റേതു തന്നെ. വലിപ്പം അല്പം കൂടുമെന്ന് മാത്രം. തൈപ്പൂയം വിനായകചതുര്‍ത്ഥി പുനഃപ്രതിഷ്ഠാദിനം എന്നീ വിശേഷങ്ങള്‍ക്കു പുറമെ നവരാത്രി മണ്ഡലകാലം, വിഷു തുടങ്ങിയവയും ഇവിടെ ആഘോഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: