വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തിലാണ് പുരാതനമായ കോട്ടയില്‍ ഭഗവതി ക്ഷേത്രം. ഒരു ചെറുകുന്നിലാണ് ഈ മഹാക്ഷേത്രം. അടിവാരത്തില്‍ അങ്ങിങ്ങായി കൊച്ചുകൊച്ചുവീടുകള്‍. ആ ഭവനങ്ങള്‍ക്കുമുന്നില്‍ വാഴത്തോപ്പുകള്‍. അവയ്ക്കിടയില്‍ തഴച്ചുവളരുന്ന കാപ്പിച്ചെടികള്‍. വിസ്തൃതമായ ആ കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ ക്ഷേത്രമുറ്റം വരെ വാഹനമെത്തും. ചുറ്റുമതിലുണ്ട്. അതില്‍ തെളിയുന്ന ദേവശില്പങ്ങള്.
ക്ഷേത്രത്തില്‍ രണ്ടുപ്രധാന മൂര്‍ത്തികള്‍. ഭദ്രകാളിയും ശിവനും. പ്രതേ്യകം ശ്രീകോവിലുകള്‍. പടിഞ്ഞാറോട്ട് ദര്‍ശനം. ഭഗവതിയുടെ ശ്രീകോവിലിന്റെ മണ്ഡപത്തില്‍ കോട്ടയില്‍ തമ്പുരാന്റെ വാള് സൂക്ഷിച്ചിരിക്കുന്നു.ആദ്യകാലത്ത് ക്ഷേത്രവും കോട്ടയില്‍ തമ്പുരാക്കന്‍മാരുടേതായിരുന്നു. മൂന്നുനേരം പൂജ. പ്രധാന കോവിലിന് ഇടതുവശത്ത് പാര്‍വ്വതിയുണ്ട്. ഇവിടെ പാര്‍വ്വതിയെ കരിവില്ലി എന്നും ശിവനെ കരുമകനെന്നുമാണ് അറിയപ്പെടുക. പ്രധാന ശ്രീകോവിലിനെതിരെ അല്പം വലത്തോട്ടുമാറി ശ്രീരാമനും മഹാലക്ഷ്മിയും വേട്ടക്കൊരുമകനും ഒറ്റ ശ്രീകോവിലിലും ഉപദേന്മാരായ ഗണപതിയും അയ്യപ്പനും ശിവനും ഗുളികനും പ്രതേ്യകം കോവിലുകളിലുമാണ്.
ഭവഗതിയ്ക്ക് കടുംപായസവും രക്തപൂഷ്പാഞ്ജലിയും പ്രധാന വഴിപാടുകളാണ്. ചുറ്റുവിളക്കു കത്തിക്കലും ഹോമവും മറ്റു വഴിപാടുകളാണ്.
മനുമഹര്‍ഷി ഇവിടെ തപസ്സു ചെയ്തിരുന്നു. അതുകൊണ്ട് ഇതിന് മനുക്കുന്നുമല എന്ന പേരുവന്നു. പിന്നീട് മണിക്കുന്നുമല എന്ന് അറിയപ്പെടാനും തുടങ്ങി. ഇവിടുത്ത് ത്രിമൂര്‍ത്തി സങ്കല്പത്തിന് ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് സങ്കല്പം. എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ മലമുകളില്‍ എല്ലാദിവസവും പൂജയുണ്ടായിരുന്നു. ഒരിക്കല്‍ പൂജകഴിഞ്ഞ് ക്ഷീണിതനായി പൂജാരി മടങ്ങുമ്പോള്‍ ഭഗവദ് സാന്നിധ്യം ഉണ്ടായി. പൂജ ഇനി വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്നും അത് മീനമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ ആവാമെന്നും അരുളപ്പാടുണ്ടായി. പൂജാരിയുടെ മടക്കയാത്രയില്‍ കോട്ടയില്‍ ക്ഷേത്രത്തിലെ വനദുര്‍ഗ്ഗ കോവിലിനടുത്തെത്തിയപ്പോള്‍ കൈയ്യിരിക്കുന്ന രണ്ടര അപ്പം കല്ലായിതീരുകയും പെട്ടെന്ന് അയ്യോ! അപ്പം! എന്ന് വിളിച്ചുപറയുകയും ചെയ്തു. അതോടെ അയ്യപ്പസാന്നിധ്യമുണ്ടായി എന്ന് പറയപ്പെടുന്നു.
മീനമാസത്തിലെ ഉത്രത്തിനുള്ള മലകയറ്റം പ്രസിദ്ധമാണ്. ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകള്‍ മല കയറും. ആയിരത്തിയഞ്ഞൂറോളം അടി ഉയരത്തിലെത്തിയാല്‍ ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും. അഞ്ചുവാളുകള്‍ പിടിച്ചുകൊണ്ട് തന്ത്രിയും പൂജാരിയും മുന്നിലുണ്ടാകും. ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഗോവിന്ദ…..ഹരി ഗോവിന്ദാ എന്നുള്ള മന്ത്രങ്ങള്‍ ഉയരും. ഈ ശരണം വിളികേട്ട് കോരിത്തരിച്ച പാറ ഗോവിന്ദപാറയായി അറിയപ്പെടുന്നു. ആ പാറയുടെ മുകളിലാണ് ഭഗവാന്റെ വിഗ്രഹം.
ഔഷധസസ്യങ്ങളും നെല്ലിമരങ്ങളും ചൂരല്‍വള്ളികളും ധാരാളമായി ഈ മലയിലുണ്ട്. ആ പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ച വിസ്മയാവഹമാണ്.പ്രണവമന്ത്രങ്ങള്‍കൊപ്പം വാദ്യമേളങ്ങളുയരുമ്പോള്‍ അവിടെയുള്ള പാറയിടുക്കില്‍ നിന്നും മേല്‍ശാന്തി തീര്‍ത്ഥമെടുത്ത് എഴുന്നെള്ളിച്ചുവത്രേ. എല്ലാ അഭിഷേകങ്ങളും ചാര്‍ത്തലുകളും നടത്തി ആയിരക്കണക്കിനു നാളീകേരം ഉടച്ചുകൊണ്ടുള്ള കര്‍മ്മങ്ങളും നടക്കും. ഈ ദിവസങ്ങളില്‍ മാത്രമേ പാറയില്‍ നിന്നും ജലം കിട്ടൂ. പാനകത്തിനാവശ്യമായ ജലം വേറെ ശേഖരിക്കും. ഇത് ഗംഗാദേവി പ്രത്യക്ഷപ്പെട്ട് നല്കുന്ന തീര്‍ത്ഥമാണെന്ന് വിശ്വാസം. രോഗശാന്തിക്കായി ആള്‍രൂപങ്ങള്‍ സമര്‍പ്പിക്കുന്ന ചടങ്ങുമുണ്ട്. പൂജകഴിഞ്ഞാല്‍ ഉച്ചയോടെ മല ഇറക്കമായി. വടി ഊന്നിയുള്ള ഇറക്കം.
ആവശ്യമായ വടികള്‍ അവിടെത്തന്നെ കിട്ടും. വനദുര്‍ഗ്ഗയുടെ മുല്ലത്തറയിലെത്തിക്കഴിഞ്ഞാല്‍ വടികള്‍ അവിടെ നിക്ഷേപിക്കും. വടികളുടെ കണക്കെടുത്താണ് വര്‍ഷന്തോറും മല കയറിയവരുടെ എണ്ണം കണക്കാക്കുക. അതുകഴിഞ്ഞാല്‍ പ്രസാധമൂട്ടാണ്. പണ്ടേ പ്രസിദ്ധമായ കഞ്ഞിയും പുഴുക്കുമാണ് പ്രസാധമൂട്ടിന്. പിറ്റേദിവസം ഭഗവതി ക്ഷേത്രത്തില്‍ ചുറ്റുവിളക്കും പൂജയുമുണ്ട്. സദ്യയും എഴുന്നെള്ളത്തും കഴിഞ്ഞാല്‍ കലാപരിപാടികളും വെടിക്കെട്ടുമുണ്ടാകും. താഴെക്കാവിലേയ്ക്ക് ആറാട്ടുപോകുന്നതോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: