കോട്ടയം: പാഠപുസ്തകത്തിന്റെയും അധ്യാപകസഹായികളുടേയും വിതണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കേരള സംസ്കൃതാധ്യാാപക ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. അജിത് പ്രസാദ് ആവശ്യപ്പെട്ടു. ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഡിഡിഇ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃതത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പാര്‍ട്ട് ടൈം അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പോലും വിദ്യാര്‍ത്ഥികള്‍ക്ക് സംസ്കൃതം പാഠപുസ്തകവും മാറിയ പാഠ്യപദ്ധതി അനുസരിച്ചുള്ള അധ്യാപക സഹായികളും വിതരണം ചെയ്തിട്ടില്ല. പൂര്‍ണമായും അച്ചടി പൂര്‍ത്തിയാക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ അധ്യാപക സഹായികള്‍ പോലും വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കായിട്ടില്ല. പാഠപുസ്തകം ഫോട്ടോകോപ്പികള്‍ എടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയാണ് അധ്യയനം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇത് അധ്യാപകര്‍ക്ക് സാമ്പത്തിക ബാധ്യതയുമാണ്.
ഹയര്‍ സെക്കണ്ടറി മോഖലയില്‍ ജൂനിയര്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേരള സംസ്കൃതാധ്യാപക ഫെഡറേഷന് ആവശ്യപ്പെട്ടു. കേരള സംസ്കൃതാധ്യാപക ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ജി. അജിത് പ്രസാദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ല വൈ. പ്രസിഡന്റുമാരായ സി.ആര്. ഹരികുമാര്‍, ആര്. ശ്രീകുമാര്‍ സെക്രട്ടറിമാരായ പി.എന്‍. നീലകണ്ഠന് നമ്പൂതിരി, എം.എസ്. അജയകുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ടി. അജയകുമാര്‍, സി.ബി. വിനായക്, എം.എസ്. ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: