പൊന്‍കുന്നം : വാടകക്കാറില്‍ ചുറ്റി സഞ്ചരിച്ച് മാല മോഷ്ടിക്കുന്ന യുവാക്കളെ പൊലീസ് പിടികൂടി. ചേനപ്പാടി ആലുമൂട് ഭാഗത്ത് പൂവത്തുങ്കല്‍ അന്‍വര്‍ (33), ചേനപ്പാടി സ്വദേശി കൊടുങ്ങൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പാറ മഹേഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ കുന്നുംഭാഗത്ത് ജനറല്‍ ആശുപത്രിപ്പടി- മറ്റത്തില്‍പ്പടി റോഡിലൂടെ നടന്നു പോവുകയായിരുന്ന കുന്നുംഭാഗം എലിവാലിക്കല്‍ വല്‍സലയുടെ (68) മാല അപഹരിച്ച കേസിലാണ് ഇരുവരും പിടിയിലായത്.
കുന്നുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ ജോലിക്ക് പോവുകയായിരുന്നു വല്‍സലയുടെ എതിരേ നടന്നു വന്ന മഹേഷ്, മാല പൊട്ടിച്ചെടുത്തു. വല്‍സല ബഹളം വച്ചതോടെ പരിസരവാസികള്‍ എത്തിയപ്പോള്‍ മഹേഷ് ഓടി. നാട്ടുകാര്‍ പിന്നാലെ ഓടി കല്ലെടുത്ത് എറിഞ്ഞു. ഏറുകൊണ്ട് വീണ മഹേഷ് വീണ്ടും എഴുന്നേറ്റ് ഓടി. ഈ സമയം സമീപത്ത് കാറുമായി കാത്തു കിടന്ന അന്‍വര്‍ കാറുമായി പിന്നാലെയെത്തി മഹേഷിനെയും കയറ്റി രക്ഷപ്പെട്ടു. നാട്ടുകാര്‍ കാറിനെ കുറിച്ച് നല്കിയ വിവരങ്ങളാണ് പൊലീസിന് പ്രതികളെ പിടികൂടാന്‍ സഹായകമായത്. കഴിഞ്ഞ ഏപ്രില്‍ 14ന് ഇതേ റോഡിലൂടെ നടന്നു പോയ പൊട്ടനാനിക്കല്‍ അന്നമ്മ മാത്യുവിന്റെ (78) ഒന്നരപവന്റെ സ്വര്‍ണ്ണ മാല അപഹരിച്ചതും ഇവര്‍ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. ഇരു മാലകളും ഇവര്‍ വിറ്റിരുന്ന പൊന്‍കുന്നത്തെ ഒരു ജുവലറിയില്‍ നിന്നും കണ്ടെടുത്തു. ഇവര്‍ രണ്ടു മോഷണങ്ങള്‍ക്കും ഉപയോഗിച്ച ഇരു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മഹേഷിന്റെ പേരില്‍ നാലുവര്‍ഷം മുമ്പ് മാല പറിച്ചതിന് കട്ടപ്പന സ്റ്റേഷനില്‍ കേസുള്ളതായും പൊലീസ് അറിയിച്ചു. ഗള്‍ഫിലായിരുന്ന അന്‍വര്‍ എട്ടുമാസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. രണ്ടു മാസം മുമ്പ് ഇവര്‍ നെടുമാവ്-മുക്കാലി റോഡില്‍ പള്ളിക്ക് സമീപം സ്ത്രീയുടെ മാല പറിച്ചിരുന്നു. അപഹരിച്ച മാല ഉരച്ചു നോക്കിയപ്പോള്‍ മുക്കുപണ്ടമായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
എഎസ്പി കറുപ്പുസ്വാമി, സി.ഐ.ആര് ജോസ്, ഷാഡോ പൊലീസ് എസ്ഐ മാരായ പി.വി.വര്‍ഗീസ്, ഒ.എം. സുലൈമാന്‍, എ.എം.മാത്യു, സിപിഒ കെ.എസ് അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: