മുഹമ്മ: തീരദേശ മേഖലയായ ഓമനപ്പുഴ, കാട്ടൂരും കായല്‍ തീരങ്ങള്‍ ഉള്‍പ്പെടുന്ന മണ്ണഞ്ചേരി -ആര്യാട് എന്നിവിടങ്ങളിലും മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും തകൃതി. ലഹരിവില്‍പ്പനക്കാരെ പോലീസ്-എക്സൈസ് അധികൃതര്‍ നിരന്തരം പിടികൂടുന്നുണ്ടെങ്കിലും ഇവയുടെ വില്‍പ്പനയും ഉപയോഗവും നിര്‍ബാധം തുടരുകയാണ്.
കടലോരമേഖല ഉള്‍പ്പെടുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഓമനപ്പുഴ മുതല്‍ പൊള്ളേത്തൈ വരെ ഇവരുടെ വിഹാര കേന്ദ്രമാണ്. ആളൊഴിഞ്ഞ പുരയിടങ്ങളും അടഞ്ഞുകിടക്കുന്ന റിസോര്‍ട്ട് വക കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്. കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്നവരെയും വാങ്ങാനെത്തുന്നവരേയും ലക്ഷ്യമിട്ടാണ് ഇക്കൂട്ടര്‍ തീരപ്രദേശങ്ങളില്‍ പിടിമുറിക്കിയിരിക്കുന്നത്.
യുവാക്കളും സ്കൂള്‍ വിദ്യാര്‍ത്ഥികളും പലപ്പോഴും ഇവരുടെ ഇരകളാണ്. മണ്ണഞ്ചേരി പഞ്ചായത്തിലെ നേതാജി, കലവൂര്‍, എഎസ് കനാല്‍തീരം, ഐറ്റിസി പാപ്പാളി എന്നിവിടങ്ങളിലും സംഘം തമ്പടിക്കുന്നുണ്ട്. ലഹരി വില്‍പ്പനയെ ചോദ്യംചെയ്ത ചിലരെ മയക്കുമരുന്ന് ലോബി അക്രമിച്ച സംഭവമുണ്ടായി. കഞ്ഞിക്കുഴി പാപ്പാളിയില്‍ മയക്ക് മരുന്ന് വില്‍പ്പന ചോദ്യംചെയ്ത പോലീസുകാരന്റെ വീട് അക്രമിക്കുകയുണ്ടായി. റോഡ്മുക്കില്‍ ജയില്‍വാര്‍ഡന്റെ നേരേയും ഇക്കൂട്ടര്‍ ഭീഷണി മുഴക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് മൊത്തവില്‍പ്പന നടത്തുന്ന സംഘത്തെ മണ്ണഞ്ചേരി പോലീസ് പിടികൂടിയിരുന്നു.
ആര്യാട് പഞ്ചായത്തിലെ ലഹരി വസ്തുക്കളുടെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാര്‍ പോലീസ്-എക്സൈസ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പകല്‍സമയങ്ങളില്‍ പോലും ഇടവഴികളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും ഇക്കൂട്ടര്‍ തമ്പടിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
സമീപത്തെ ട്യൂഷന് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ പോകുന്നതും വരുന്നതും ഭീതിയോടെയാണ്. പ്രദേശത്ത് മോഷണവും പിടിച്ചുപറിയും വര്‍ധിച്ചതായും പരാതിയുണ്ട്.
യുവതലമുറയെ വഴിതെറ്റിക്കുന്ന മയക്ക് മരുന്ന് വില്‍പ്പന സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ത്രിതല പഞ്ചായത്ത് ബോധവത്കരണം സംഘടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: