കാട്ടയം: കോട്ടയത്ത് മഴകനത്തതോടെ പനിബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു. കഴിഞ്ഞദിവസം വെള്ളാവൂര്‍ സ്വദേശി ബാബുരാജ് (49) പനിബാധിച്ച് മരിച്ചിരുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുന്നു. പനിക്കുപുറമേ വയറിളക്കം അടക്കമുള്ള രോഗങ്ങളും കണ്ടുവരുന്നുണ്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം ഇന്നലെമാത്രം നാല്‍പ്പത്തിയഞ്ചോളം പേരാണ് വയറിളക്കരോഗവുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നുപേര് ഈ മാസം രോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. 6761ഓളം ആളുകള്‍ പനിബാധിച്ച് കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പനിക്കു പുറമേ ചിക്കന്‍പോക്സും പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
കാലവര്‍ഷം കനത്തതോടെ വരും ദിവസങ്ങളില്‍ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്കുന്ന സൂചന. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളിലും ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികളിലും പനിബാധിതരുടെ വര്‍ദ്ധിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഇവയൊന്നും സര്‍ക്കാര്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്കിനനുസൃതമായ കണക്കല്ല പ്രതിദിനം ഔദ്യോഗികമായി പുറത്തുവിടുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: