അഞ്ചാലുംമൂട്: ഡിജിപി സെന്‍കുമാറിന്റെ സര്‍ക്കുലറിന് പുല്ലുവില കല്പിച്ച് നിരപരാധികളായ ആറ് ചെറുപ്പക്കാരെ ജീവച്ഛവമാക്കിയ അഞ്ചാലുംമൂട് പോലീസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎം പഞ്ചായത്ത് മെമ്പര്‍ അമാനെ അക്രമിച്ച കേസിലെ പ്രതികളെന്ന് ആരോപിച്ചാണ് ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.
വിദ്യാര്‍ത്ഥികളായ ഇവരെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചത് പ്രദേശത്തെ സിപിഎം നേതാക്കളെ തൃപ്തിപ്പെടുത്താനാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കടവൂര്‍ നീരാവില്‍ ഭാഗത്ത് സംഘര്‍ഷം നിത്യസംഭവമാകുന്നത് പോലീസിന്റെ ഏകപക്ഷീയനിലപാടുകള്‍ മൂലമാണ് എന്നതിന്റെ തെളിവാണ് ഈ ലോക്കപ്പ് മര്‍ദ്ദനമെന്ന് വിലയിരുത്തപ്പെടുന്നു.
കൂട്ടുകാരുമായി കളിക്കാന്‍ വന്ന സനിലിനെയാണ് അഞ്ചാലുംമൂട്ടിലെ ‘ജനമൈത്രി’’ പോലീസ് പിടികൂടിയത്. സിപിഎം നേതാവിനെ അക്രമിച്ചത് കറുത്ത നിറമുള്ളയാളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ‘അവനെ കൈകാര്യം ചെയ്യണ’മെന്ന് സിപിഎം നേതാക്കള്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിറം നോക്കി സനിലിനെ പിടികൂടിയതുമുതല്‍ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനില്‍ എസ്ഐയോട് തന്റെ നിരപരാധിത്തം പറഞ്ഞിട്ടും രക്ഷയുണ്ടായില്ല. എസ്ഐയും തന്നെ മാരകമായി മര്‍ദ്ദിച്ചതായി സനില്‍ ജന്മഭൂമിയോടു പറഞ്ഞു. സനിലിന് ആന്തരാവയവങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. സ്റ്റേഷനില്‍ കൊണ്ട് വന്ന് ആറു പേരെയും അരമണിക്കൂറോളം ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് കൈമുട്ട് കൊണ്ടും കാല് മുട്ട് കൊണ്ടുമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറയുന്നു. ഭിത്തിയോട് ചേര്‍ത്ത്വെച്ച് തലയ്ക്കും കരണത്തും അടിക്കുകയും ഇടിക്കുകയും ചെയ്തു. കരഞ്ഞു പറഞ്ഞിട്ടും മര്‍ദ്ദനം നിര്‍ത്താന്‍ പോലീസ് തയ്യാറായില്ല എന്ന് രാഹുല്‍ പറഞ്ഞു.
സിപിഎമ്മുകാര്ക്കുവേണ്ടി കള്ളക്കേസെടുത്ത് ഇവരെ മര്‍ദ്ദിച്ച പോലീസുകാര്‍ സ്വന്തം സഹപ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചപ്പോള്‍ എവിടെയായിരുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. വെസ്റ്റ് എസ്ഐയെ മാര്‍ക്സിസ്റ്റുകള്‍ ആക്രമിച്ച കേസില്‍ പ്രധാന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് ഒത്താശ ചെയ്ത സംഭവം പോലീസുകാരുടെ ഇടയില്‍ തന്നെ ചര്‍ച്ചയാണ്.
കടവൂരില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് അനന്തനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചത് ഇതേ പോലീസുകാരുടെ മുന്നില്‍ വച്ചായിരുന്നു.
ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല.
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. പ്രവര്‍ത്തകരെ മര്ദ്ദിച്ചപോലീസുകാര്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബിജെപി മണ്ഡലം കമ്മറ്റി. ഡിജിപിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: