കരുനാഗപ്പള്ളി: ഓപ്പറേഷന് കുബേരയുടെ രണ്ടാം ഘട്ട നടപടികള്‍ക്ക് മുന്നോടിയായി കരുനാഗപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലേയും ചിട്ടിക്കമ്പനിക്കാരുടെ വിവരങ്ങള്‍ പോലീസ് രഹസ്യമായി ശേഖരിച്ചു തുടങ്ങി.
കരുനാഗപ്പള്ളി മേഖലയില്‍ 200ഓളം കൊള്ളപ്പലിശക്കാരും 30ല്‍പ്പരം ചിട്ടികമ്പനികളും 20 ഫൈനാന്‍സ് സ്ഥാപനങ്ങളുമുണ്ട്. ഇതില്‍ അധികവും രജിസ്ട്രേഷനോ ലൈസന്‍സോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന രേഖകള്‍ പോലീസിന് ലഭിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് കൊള്ളപ്പലിശക്കാരുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ടൗണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ലൈസന്സില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വന്‍ പലിശയാണ് ഈ സ്ഥാപനങ്ങള്‍ പാവപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നത്. പലിശ കൃത്യമായി അടയ്ക്കാത്ത പക്ഷം വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്ന സംഘവും ഇവരോടൊപ്പം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വ്യാജ പ്രചാരണങ്ങള്‍കൊണ്ടും വ്യാജ രേഖകള്‍ സൃഷ്ടിച്ചും സാധാരണക്കാരെ ചിട്ടി കമ്പനികള്‍ വ്യാപകമായി പറ്റിക്കുന്നതായാണ് പരാതി. പ്രമാണങ്ങള്‍ ഉള്‍പ്പടെ ഇവര്‍ കൈക്കാലാക്കുന്നു എന്നും പരാതിയുണ്ട്. എന്നാല്‍ പരാതികള്‍ക്ക് യാതൊരു വിധ വിലയും പോലീസ് നല്‍കുന്നില്ലന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: