അക്ഷരങ്ങളും അക്കങ്ങളും കുരുന്ന് മനസ്സുകളിലേക്ക് പാട്ടുരൂപത്തില്‍ പകര്‍ന്നു നല്കുന്ന പൊന്നി വീണുകിട്ടുന്ന ഇടവേളകളില്‍ നാടന്‍പാട്ടിന്റെ പ്രചാരണത്തിനായി ഓടിനടക്കുകയാണ്. മോറഴകില്ലേലും ഏങ്കള് നേരറിവുള്ളോരാ…. തുടങ്ങി കാലത്തിന്റ മഴവെള്ളപ്പാച്ചിലില്‍ വിസ്മൃതിയിലേക്ക് ആഴ്ന്നുപോയ പാട്ടുകളാണ് പൊന്നിയിലൂടെ പൂനര്‍ജനിക്കുന്നത്. കൊല്ലം ജില്ലയിലെ തെന്മല ഉറുകുന്ന് ശ്രീലകം വീട്ടില്‍ സി. കെ. പൊന്നിയുടെ പരിശ്രമങ്ങള്‍ക്ക് ഒരു ഗ്രാമത്തിന്റെ കൂട്ടുകൂടിയുണ്ട്.
നാടന്‍ പാട്ടിന് പൊന്നിന്റെ തിളക്കം നല്‍കുകയെന്ന ലക്ഷ്യവുമായി അംഗനവാടി ജീവനക്കാരി കൂടിയായ പൊന്നി തെന്മല എന്ന നാല്‍പ്പതുകാരി നടത്തുന്ന ശ്രമങ്ങള്‍ ചെറുതല്ല. തെന്മല ബ്ലോക്കിലെ പതിനേഴാം നമ്പര്‍ അംഗനവാടിയിലെ വര്‍ക്കറാണ് പൊന്നി. കുരുന്ന് മനസ്സുകളിലേക്ക് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും കുഞ്ഞുപാഠങ്ങള്‍ പഠിപ്പിക്കുന്നതിന് പൊന്നിയ്ക്ക് വേറിട്ട ശൈലിതന്നെയുണ്ട്. പാട്ടിലൂടെയാണ് പഠിത്തം.
ഇത് കേള്‍ക്കാനായി അംഗനവാടിയ്ക്ക് ചുറ്റും ഗ്രാമവാസികളുമൊത്തുചേരും. അംഗനവാടിയില്‍ മാത്രമല്ല പൊന്നിയുടെ പാട്ടുകള്‍. കൊല്ലം ജില്ലയില്‍ എവിടെ വലിയ സാംസ്കാരിക പരിപാടികള്‍ നടന്നാലും പൊന്നിയും പൊന്നിയുടെ പാട്ടുമുണ്ടാകും.. നാടന്‍പാട്ടുകളുമായി വേദികളെ കീഴടക്കാന്‍ തായ്മൊഴി’എന്ന പേരില്‍ ഒരു നാടന്‍പാട്ട് കൂട്ടായ്മയും പൊന്നിക്ക് കൂട്ടായുണ്ട്. നാല്‍പ്പതിലധികം കലാകാരന്മാരും കലാകാരികളുമടങ്ങുന്ന ഈ സംഘം ഇരുന്നൂറില്‍പ്പരം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചുകഴിഞ്ഞു. പൂപ്പടയും തെയ്യവും മറ്റും നാടന്‍ പാട്ടിനൊപ്പം ചേര്‍ത്താണ് ഇവര്‍ വേദികളിലൂടെ കാണികളെ കീഴടക്കുന്നത്. തനിക്കൊപ്പമുള്ള സംഘാംഗങ്ങളെ പരിശീലിപ്പിക്കുന്നതും പൊന്നിയാണ്.
തടിവെട്ടുകാരനായിരുന്ന കൊച്ചു ചെറുക്കന്റെയും കര്‍ഷക തൊഴിലാളിയായ ചെല്ലയുടെയും എട്ട് മക്കളില്‍ നാലാമത്തേതാണ് പൊന്നി. കുട്ടിക്കാലത്തുതന്നെ പൊന്നിയിലെ കലാവാസനയെ വീട്ടുകാരും ബന്ധുക്കളും തിരിച്ചറിഞ്ഞിരുന്നു. പന്ത്രണ്ടാം വയസ്സില്‍ അമച്വര്‍ നാടകത്തിലേക്ക് കാല്‍വച്ചു. അഭിനയം മാത്രമല്ല ഡബ്ബിങ്ങിലും ഒരു കൈ നോക്കി. ഇരുപതില്‍പ്പരം നാടകങ്ങള്‍, സീരിയലുകള്‍, ആല്‍ബങ്ങളിലുമൊക്കെ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും പൊന്നിസ്റ്റൈല് മാറ്റുരച്ചു.
ദൂരദര്ശനിലടക്കം ടിവി ചാനലുകളില്‍ പരിപാടികളും അവതരിപ്പിച്ചു. എന്നാല്‍ നാടന്‍ പാട്ടുകളോടാണ് കൂടുതല്‍ താല്പര്യം. കുട്ടിക്കാലത്ത് അമ്മയുടെ ഒപ്പം പാടത്തെ പണികള്‍ക്ക് പോകുമ്പോള്‍ കേട്ടു പഠിച്ച ഞാറ്റുപാട്ടും കൊയ്ത്ത് പാട്ടുമൊക്കെ പാടിപ്പാടിയാണ് തെളിഞ്ഞത്. പിന്നെ നാടന്‍ പാട്ടുകളുടെ ഉറവിടങ്ങള്‍ തേടി കുറേ അലഞ്ഞു. വായ്മൊഴിയായി കിട്ടിയതൊക്കെ കുറിച്ചുവച്ചു, വിട്ടുപോയ ഭാഗങ്ങള്‍ എഴുതിച്ചേര്‍ത്തും സ്വന്തമായി പാട്ടെഴുതിയുമൊക്കെ നാടന്‍ പാട്ടുകള്‍ക്ക് വേണ്ടി തന്റെ ജീവിതത്തിന്റെ കുറേ ഭാഗം മാറ്റിവച്ചു. തബലയും ഘടവുമടക്കം വീട്ടില്‍ പണ്ടുമുതല്ക്കേ ഉണ്ടായിരുന്നു.
ബാക്കി ഉപകരണങ്ങള്‍ കൂടി സ്വന്തമാക്കി തായ്മൊഴി പാട്ടുകൂട്ടത്തിനൊപ്പം ചേര്‍ത്തു. അംഗനവാടിയിലെ ജോലിയ്ക്കൊപ്പംതന്നെ തയ്യലും ട്യൂഷനെടുപ്പും പാട്ട് പഠിപ്പിക്കലുമൊക്കെയുണ്ട്. വുമണ്‍സ് വോയ്സ്, ഭാരതീയ സാംസ്കാരിക സമിതി, ഗ്രീന്‍ കമ്മ്യൂണിറ്റി തുടങ്ങി ഒട്ടനവധി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൊന്നി ജില്ലയിലെ സ്കൂളുകളില്‍ ടീനേജ് കുട്ടികള്‍ക്കായുള്ള ബോധവത്കരണ ക്ലാസുകളെടുക്കാനും പോകാറുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് ലെവല്‍ ഓഫീസര്‍ കൂടിയായ ഇവര്‍ ഒഴിവുവേളകളില്‍ ക്ഷേത്രങ്ങളിലും വീടുകളിലുമൊക്കെ ഭാഗവതപാരായണത്തിനും പോകാറുണ്ട്. നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
വായ്മൊഴികളായി കിട്ടിയവ ഇനിയുള്ള തലമുറകള്‍ക്ക് നഷ്ടപ്പെടരുതെന്ന ചിന്തയാണ് തന്നെ പുസ്തക രചനയിലേക്ക് നയിച്ചതെന്ന് അവര്‍ പറയുന്നു. ആദിയില്ലല്ലോ അന്തമില്ലല്ലോ നാടന്‍ പാട്ടുകള്‍ക്ക് അതെന്നും മാനവ സംസ്കൃതിയുടെ തുടിപ്പികളാണ് ഒരു ജനതയുടെ ജീവിതം തന്നെയാണന്നും പൊന്നി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: