വയസ് എണ്‍പത്തിയൊന്‍പത്. എന്നാല്‍, അതിന്റെ വിഷമങ്ങളൊന്നും പ്രകടിപ്പിക്കാതെ നിരന്തരം ജനങ്ങളുടെ ഇടയിലേക്ക്. നാല്‍പ്പതു കഴിയുമ്പോഴേക്കും വയസരാകുന്നവരുടെ ഇടയില്‍ വ്യത്യസ്തയാണ് ഈ വ്യക്തി. ആരെന്നല്ലേ?
യുണൈറ്റഡ് കിംങ്ഡം (യുകെ) എന്ന ബ്രിട്ടന്റെ രാജ്ഞി എലിസബത്ത്. ഈ പ്രായത്തിലും നിരന്തരം പൊതുജനങ്ങളുടെ ഇടയിലേക്കിറങ്ങുന്നു അവര്‍. ബ്രിട്ടനിലെ ഭരണത്തലവന് പ്രധാനമന്ത്രിയാണെങ്കിലും, എന്തിനും ഏതിനും രാജ്ഞിയെ വേണം എല്ലാവര്ക്കും. വയ്യായ്മകളുടെ ഭാരങ്ങള്‍ നിരത്തി അവര്‍ അതിനു തടയിടാറുമില്ല.
കഴിഞ്ഞ ആറു മാസത്തിനിടെ നൂറിലധികം പൊതുപരിപാടികളിലാണ് എലിസബത്ത് രാജ്ഞി പങ്കെടുത്തത്. രാജ്ഞിയെ പോലെ ഈ പ്രായത്തില്‍ ഇത്രയേറെ സജീവമായ ആരുമില്ല സമകാലീന ലോകത്ത്. ഉണ്ടെങ്കില്‍, രാജ്ഞിയുടെ ഭര്‍ത്താവ് തൊണ്ണൂറ്റിനാല് വയസുള്ള ഫിലിപ്പ് രാജകുമാരന് മാത്രം. രാജ്ഞിയുടെ യാത്രകളിലെല്ലാം സഹയാത്രികനാണ് ഇദ്ദേഹം. ഏഴു ദിവസത്തിനിടെ ഇവര്‍ പങ്കെടുത്തത് എട്ടു പൊതുചടങ്ങുകളില്‍. ശരാശരി ആഴ്ചയില്‍ അഞ്ചു പൊതുപരിപാടികളിലെങ്കിലും രാജ്ഞി പങ്കെടുക്കാറുണ്ട്. ഇതിനു പുറമെ ദിവസത്തില്‍ 300ലധികം എഴുത്തുകള്‍ പരിശോധിക്കും. പാര്‍ലമെന്റ് സമ്മേളനമുണ്ടെങ്കില്‍ അവിടെയും എത്തും.
ജര്‍മന്‍ സന്ദര്‍ശനമാണ് രാജ ദമ്പതികളുടെ അടുത്ത പ്രധാന യാത്രാപരിപാടി. അവിടെ ബെര്‍ജെന്‍-ബെല്‍സെന്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് സന്ദര്‍ശിക്കും. കഴിഞ്ഞയാഴ്ച മാഗ്നാകാര്‍ട്ടയുടെ എണ്ണൂറാം വാര്ഷികാഘോഷചടങ്ങുകളില് ഭാഗമാകാന്‍ റണ്ണിമീഡിലായിരുന്നു രാജ്ഞി.
രാജപദവിയുടെ അറുപതും പിന്നിട്ട് മുന്നേറുന്ന എലിസബത്ത് ആയിരം വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനു ലഭിച്ച ഏറ്റവും കര്‍മോത്സുകയായ രാഷ്ട്രത്തലവനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഊര്‍ജസ്വലതയ്ക്ക് പിന്നില്‍ ജനിതക കാരണങ്ങളുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എലിസബത്തിന്റെ പിതാവ് നേരത്തെ മരിച്ചെങ്കിലും, അമ്മ നൂറു കടന്ന ശേഷമാണ് അവരെ വിട്ടുപോയത്. ചെറുപ്പത്തിലേ ചിട്ടയായ ജീവിതം നയിച്ച എലിസബത്ത്, വ്യായാമ മുറകളിലൂടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഈ ശീലം രാജ്ഞിയായപ്പോഴും തുടര്‍ന്നു. ഇപ്പോള്‍, അസുഖങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: