കൊച്ചി: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകളില്‍ പരിശോധന ശക്തമാക്കി. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം ആരോഗ്യവകുപ്പിനും ലേബര്വകുപ്പിനും നിര്‍ദേശം നല്കി.
ഇത്തരം ക്യാമ്പുകളില്‍ വൃത്തിയുണ്ടെന്നു ഉറപ്പുവരുത്തണം. തൊഴിലാളികളുടെ ആരോഗ്യക്ഷേമം ഇവിടങ്ങളില്‍ വേണ്ടവിധത്തിലാണോ എന്നും പരിശോധിക്കണം. ജില്ലയില്‍ പലഭാഗങ്ങളിലും ഡെങ്കിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍.
പകര്‍ച്ചപ്പനി ഉണ്ടാകുന്നത് ഏതൊക്കെ സ്ഥലങ്ങളിലാണെന്നും മുമ്പ് ഇത്തരം രോഗങ്ങള്‍ വന്ന സ്ഥലങ്ങള്‍ തിരിച്ചറിയണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഫോര്‍ട്ടുകൊച്ചി മേഖലയില്‍ വയറിളക്ക രോഗം ഇപ്പോള്‍ നിയന്ത്രണാധീനമാണെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വാട്ടര്‍ അതോറിട്ടിയുടെ വെള്ളം പരിശോധിച്ചുവെന്നും എന്നാല്‍ കോളിഫോം ബാക്ടീരിയയുടെ അളവു കൂടിയതോതില്‍ കണ്ടെത്താനായിട്ടില്ലെന്നു അറിയിച്ചു. അതേസമയം പൈപ്പുകളില്‍ ചോര്‍ച്ചയുള്ള ഭാഗത്തു കൂടി ബാക്ടീരിയ ഉള്ളില്‍ കടക്കുന്നതു മൂലമാണു വെള്ളത്തില്‍ അണുബാധ ഉണ്ടാകുന്നത്.
ഹാന്‍ഡ്പമ്പുകളും മറ്റു പൈപ്പുകളും ജനങ്ങള്‍ വളരെ വൃത്തിയോടെ ഉപയോഗിക്കണം. ഫോര്‍ട്ടുകൊച്ചി മേഖലയില്‍ വ്യാപകമായ ബോധവത്കരണം നടത്തിവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യസംരക്ഷണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ക്കായി അനുവദിക്കുന്ന ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നു പരിശോധിച്ച് ഉറപ്പു വരുത്തണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു.
പൊതുനിരത്തിലും മറ്റും കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനു നിര്‍ദേശം നല്കി. മാലിന്യം തള്ളുന്ന ലോറി പിടിച്ചെടുക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കാനും നടപടി സ്വീകരിക്കും. മുമ്പ് വയറിളക്കം പോലെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ച സ്ഥലങ്ങളിലെ വെള്ളം പരിശോധിച്ച് അത് അണുവിമുകതമാണോ എന്ന് ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിട്ടിയോടു കളക്ടര്‍ നിര്‍ദേശിച്ചു.
പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന് ഇപ്പോള്‍ ജില്ലയില്‍ എല്ലായിടങ്ങളിലും ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹ്യുമന്‍ ഇമ്യൂണോ ഗ്ലോബിന് ക്ഷാമമുണ്ട്. ഇതുനിര്മിക്കുന്ന കമ്പനികള്‍ അതിന്റെ ഉത്പാദനം നിര്‍ത്തിയതാണു പ്രശ്നമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: