കോട്ടയം: ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ യോഗയെ അറിയാനും യോഗസാധനയില്‍ പങ്കുചേരാനുമായി നാടിന്റെനാനാഭാഗത്തും ആയിരങ്ങളെത്തിച്ചേര്ന്നു. സംസ്ഥാന സര്‍ക്കാരിന്റെയും വിവധ സന്നദ്ധ സംഘടനകളുടെയും വിദ്യാലയങ്ങളുടെയും ഒക്കെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗ പരിശീലന പരിപാടിയില്‍ പ്രായഭേദമെന്യെ ആളുകള്‍ പങ്കെടുത്തത് യോഗാദിനാചരണത്തിന്റെ മാറ്റുകൂട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് നിര്‍ദ്ദേശിച്ച യോഗാസനങ്ങളാണ് എല്ലാ സ്ഥലങ്ങളിലും പരിശീലിച്ചത്. കോട്ടയം ഗാന്ധിസ്ക്വയറില്‍ ആരോഗ്യ ഭാരതിയുടെ നേതൃത്വത്തില്‍ യോഗാപ്രദര്‍ശനം നടന്നു. സംഘച്ഛദ്ധ്വം സംവദത്വം…… എന്നുതുടങ്ങുന്ന വേദമന്ത്രത്തോടെയാണ് യോഗ ആരംഭിച്ചത്. തുടര്‍ന്ന് താഡാസനം, ഉദ്ധാനാസനം, വൃക്ഷാസനം, പാദഹസ്താസനം, അര്ദ്ധചക്രാസനം, ത്രികോണാസനം, ബദ്ധകോണാസനം, മരീചാസനം, ശശാങ്കാസനം, അര്ദ്ധഉഷ്ട്രാസനം, ഭുജംഗാസനം, അര്ദ്ധസേതുബന്ധനാസനം, പവനമുക്താസനം, ശവാസനം എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രാണായാമത്തിലെ നാഡീശുദ്ധി പ്രാണായാമം, ധ്യാനം എന്നിവയോടെയാണ് യോഗ സമാപിച്ചത്.
യോഗാപരിശീലനത്തില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, യോഗാസാധക് കെ. ശങ്കരന് എന്നിവര്‍ നേതൃത്വം നല്കി.
വിദ്യാര്‍ത്ഥികള്‍ യോഗ ദിനചര്യയാക്കണമെന്ന് എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളിലെ ദുശീലങ്ങളും മാനസിക പിരിമുറുക്കവും ഇല്ലാതാക്കാന്‍ യോഗകൊണ്ടു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ. സാബുകുട്ടന്‍, പി.ആര്.ഒ. ജി. ശ്രീകുമാര്‍, എം.ആര്. ഗോപാലകൃഷ്ണന് നായര്‍, എം.എസ്. വിശ്വംഭരന് നായര്‍, ഡോ. ടോംസ് എബ്രഹാം, സിസ്റ്റര്‍ മഞ്ജു ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുമ്പായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുടെ യോഗ അഭ്യാസവും നടന്നു. 220 യോഗ പ്രകടനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ധ്യാനയോഗ രഹസ്യങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
ഇറഞ്ഞാല്‍: ആര്‍എസ്എസ് വിജയപുരം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണം നടത്തി. നട്ടാശേരി കാഞ്ഞിരങ്ങാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ 8മുതല്‍ യോഗാപ്രദര്‍ശനവും പരിശീലനവും നടന്നു. കുമാരനല്ലൂര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് കൂരമറ്റത്തില്ലത്ത് പരമേശ്വരന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
കിടങ്ങൂര്‍: കിടങ്ങൂര്‍ അരവിന്ദ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണം നടത്തി. രാവിലെ 9.30ന് ദീപപ്രോജ്വലനം, സരസ്വതീവന്ദനം, സൂര്യനമസ്കാരം, യോഗാചരണം എന്നിവ നടന്നു. പ്രവര്‍ത്തകസമിതി പ്രസിഡന്റ് ബി. ഗോകുലന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമേഹമുക്തജീവിതം എങ്ങനെ സാദ്ധ്യമാക്കാമെന്ന് ഡോ. ഹരികൃഷ്ണന് ചൂണ്ടിക്കാട്ടി. യോഗ- സമഗ്രജീവിതദര്ശനം എന്ന വിഷയത്തിലൂടെ കാലടി സംസ്കൃത സര്‍വ്വകലാശാലാ പ്രൊഫ. ഹരികൃഷ്ണന് യോഗ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും രോഗസംഹാരത്തില് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക കെ.എസ്. ഉഷാകുമാരി, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പള്ളിക്കത്തോട്: അരവിന്ദ വിദ്യാമന്ദിരത്തില്‍ യോഗാദിനം ആഘോഷിച്ചു. വിദ്യാര്‍ത്ഥികളും അദ്ധ്യാപക അനദ്ധ്യാപക രക്ഷകര്‍ത്താക്കളും സൊസൈറ്റിപ്രവര്ത്തകരും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കവിത ആര്.സി. സന്ദേശം നല്കി.
വാഴപ്പള്ളി: ഗായത്രി വിദ്യാമന്ദിറില്‍ യോഗപ്രദര്‍ശനവും പരിശീലനവും ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രസിഡന്റ് വി. സദാശിവന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്. രാജീവ് സന്ദേശംനല്കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗീത ഗോപകുമാര്‍, പ്രിന്‍സിപ്പാള്‍ സുബ്രഹ്മണ്യ അയ്യര്‍, പി.എന്‍. ബാലകൃഷ്ണന്, കെ.എസ്. ഓമനക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.
തമ്പലക്കാട്: വേദവ്യാസ വിദ്യാലയത്തില്‍ യോഗാദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍ അരുണ്‍ ജി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമിതി സെക്രട്ടറി പ്രമോദ് എസ്. നായര്‍ അധ്യക്ഷത വഹിച്ചു. യോഗാചാര്യ സുമാഗോപിനാഥ് ക്ലാസ് നയിച്ചു. ബിന്ദു ജി. നായര്‍ പ്രസംഗിച്ചു.
പൊന്‍കുന്നം: സ്വസ്തി സ്കൂള്‍ ഓഫ് യോഗയുടെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണം നടത്തി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനിതാ കമ്മീഷന് മെമ്പര്‍ ഡോ. ജെ. പ്രമീളാദേവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്മിണിയമ്മ പുഴയനാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എ.ആര്. സാഗര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സ്ണ്‍ ശ്രീലതാ സുധാകരന്, പഞ്ചായത്തംഗങ്ങളായ ഉഷാ ശ്രീകുമാര്‍, ലേഖാസാബു, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്, ആര്.എസ്. അജിത്കുമാര്‍, പി.എം. ജോണ്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ടോമി ഡോമിനിക്, ഡോ. ബാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. കെ. ജയകുമാര്‍ ”രോഗവും യോഗയും” എന്നവിഷയത്തില്‍ ക്ലാസ് നയിച്ചു.
പൊന്‍കുന്നം: പതഞ്ജലി യോഗവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയകാവ് ക്ഷേത്രആഡിറ്റോറിയത്തില്‍ യോഗാദിനാചരണം നടത്തി. യോഗപരിശീലനവും നടത്തി.
കടുത്തുരുത്തി: കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറില്‍ യോഗാദിനാഘോഷം നടന്നു. പ്രിന്‍സിപ്പാള്‍ പി. വേണുഗോപാലിന്റെഅദ്ധ്യക്ഷതയില് നടന്ന സമ്മേളനം മുളക്കുളംഗ്രാമപഞ്ചായത്ത്പ്രസിഡന്റ് പി.കെ. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ക്ഷേമസമിതി പ്രസിഡന്റ് ശ്രീകുമാര്‍ എസ്. കൈമള്‍, മാനേജര്‍ കെ.ടി. ഉണ്ണികൃഷ്ണന്, സെക്രട്ടറി എന്‍. മധു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ യോഗാപ്രദര്‍ശനവും രക്ഷകര്‍ത്താക്കള്‍ക്കായുള്ള യോഗപരിശീലനവും നടന്നു.
കുമരകം: ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനമാചരിച്ചു. വിരിപ്പുകാലാ ശ്രീശക്തീശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍ ക്ലാസിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: