കൂടെ പഠിച്ചവരെല്ലാം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും താല്‍പ്പര്യമുള്ളവരാണോ എന്നതിനെക്കുറിച്ച് ഐശ്വര്യക്ക് വലിയ പിടിയില്ല. എന്നാല്‍ മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് സാഹിത്യത്തിനും അതിന്റേതായ പ്രാധാന്യം നല്‍കിയാണ് ഐശ്വര്യ പഠിച്ചു വളര്‍ന്നത്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമായിരുന്നില്ല അത്. ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടുമുള്ള ഐശ്വര്യയുടെ പ്രണയത്തിന് അവളേക്കാള്‍ മൂന്ന് വയസ്സിന്റെ കുറവ് മാത്രം. ഐശ്വര്യ അനീഷ് എന്ന പതിനെട്ടുകാരിയുടെ ഭാഷാപ്രേമം വ്യത്യസ്തവും ഒപ്പം അത്ഭുതവുമാകുകയാണ് സഹപാഠികള്‍ക്കും വീട്ടുകാര്‍ക്കും.
കുട്ടിക്കാലത്ത്ടോം ആന്‍ഡ് ജെറി എന്ന ടിവിഷോയുടെ ആരാധകയായിരുന്നു അവള്. സ്ഥിരമായി ഷോ കണ്ടുതുടങ്ങിയതോടെ അതിനോടുള്ള ഭ്രമം വര്‍ദ്ധിച്ചു. മൂന്ന് വയസ്സുള്ളപ്പോഴാണ് ഐശ്വര്യ ആദ്യമായി കവിത എഴുതുന്നത്. പൂമ്പാറ്റ എന്നായിരുന്നു അതിന് നല്കിയ പേര്. അന്നു മുതല്‍ തുടങ്ങിയതാണ് കവിതകളോടും കഥകളോടുമുള്ള പരിചയപ്പെടലും കൂടുതല്‍ അറിയാനുള്ള വായനയും എല്ലാം. പിന്നെപ്പിന്നെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും അവളുടെ പ്രിയപ്പെട്ട കൂട്ടുകാരുമായി. വളരുന്തോറും വായനയുടെ പുതിയ ലോകത്തേക്ക് ഐശ്വര്യ കടന്നു. മലയാളത്തെ അടുത്തറിയുന്നതിനൊപ്പം ഇംഗ്ലീഷ് കവിതകളും ലേഖനങ്ങളും അവളെ ഏറെ അകര്ഷിച്ചു. മൂന്നാം വയസ്സിലെ ആദ്യപരിശ്രമത്തിന് ശേഷം ഏഴ് വയസ്സുള്ളപ്പോഴാണ് ഐശ്വര്യ അടുത്ത ഇംഗ്ലീഷ് പദ്യം എഴുതുന്നത്.
‘ദ റെയിന്‍’ എന്നായിരുന്നു പേര്. ഏറെ താല്പര്യത്തോടെ അന്നെഴുതിയ കവിത ചില പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തതോടെ ഐശ്വര്യ എഴുത്തിനെക്കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങി. ഗഹനമായ ചിന്തയുടെ പ്രായമല്ലെങ്കിലും തന്റെ ഇഷ്ടവിഷയം ഇതാണെന്ന് വളരെ നേരത്തേ തിരിച്ചറിഞ്ഞിടത്താണ് ഈ പെണ്‍കുട്ടിയുടെ വിജയം. അച്ഛന്റെയും അമ്മയുടെയും അമ്മൂമ്മയുടെയും കൃത്യമായ ശിക്ഷണവും ഐശ്വര്യക്ക് മുതല്‍ക്കൂട്ടായി. തുടര്‍ന്ന് ഇംഗ്ലീഷില്‍ ലേഖനങ്ങള്‍ എഴുതുന്നതിലേക്കായി ശ്രദ്ധ. എഴുതുന്ന ലേഖനങ്ങളില്‍ പലതും, ചില പ്രസിദ്ധീകരണങ്ങളില്‍ വന്നത് കൂടുതല്‍ പ്രചോദനമായി. അന്ന് ഡിസി ബുക്സ് പുറത്തിറക്കിയിരുന്ന ന്യൂസ് ഇന്‍ മോര് എന്ന കുട്ടികള്‍ക്കായുള്ള പത്രത്തില്‍ വന്ന ലേഖനം ജീവിതത്തിലെ ഏറ്റവും മധുരമുള്ള ഓര്‍മ്മയാണ് ഈ പതിനെട്ടുകാരിക്ക്.
പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ അത്യാവശ്യം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലേഖനങ്ങള്‍ എഴുതാന്‍ അവസരം കിട്ടിയതോടെ ഐശ്വര്യ എന്ന സാഹിത്യകാരി അറിയപ്പെട്ടു തുടങ്ങി. poemhunt.com, allpoetry. com തുടങ്ങിയ സൈറ്റുകളിലെ എഴുത്തിലൂടെ ഈ കൊച്ചുമിടുക്കിയുടെ കഴിവ് പലരും തിരിച്ചറിഞ്ഞു. വെബ്സൈറ്റുകളിലെ എഴുത്തിലൂടെ ധാരാളം വായനക്കാരെ കിട്ടിയെന്നും പിന്നീട് പല മത്സരങ്ങളിലും പങ്കെടുക്കാന്‍ അന്നെഴുതിയ ലേഖനങ്ങള്‍ സഹായിച്ചുവെന്നും ഐശ്വര്യ പറയുന്നു. ഇംഗ്ലീഷ് സാഹിത്യത്തോടുള്ള അടങ്ങാത്ത താല്പര്യം ഐശ്വര്യയെ ഒരിക്കലും ലയാളത്തില്‍ നിന്ന് അകറ്റിയല്ല എന്നതാണ് ഏറെ വിചിത്രം. ഇന്ന് പലരും ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ മോശമായി കൈകാര്യം ചെയ്യുമ്പോഴും രണ്ട് ഭാഷയിലും ഒരുപോലെ പ്രാവീണ്യം നേടാന്‍ ഐശ്വര്യക്ക് കഴഞ്ഞു. അങ്ങനെ ഈ തലമുറക്ക് തന്നെ പാഠമാവുകയാണ് ഐശ്വര്യ. മലയാളത്തില്‍ ഇറങ്ങുന്ന അത്യാവശ്യം എല്ലാ പുസ്തകങ്ങളും വായിക്കാറുണ്ട് ഈ മിടുക്കി. ഇന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നാനൂറിലധികം കവിതകളുടെ സ്രഷ്ടാവ് കൂടിയാണ് ഐശ്വര്യ അനീഷ്.
പതിന്നാല് വയസ്സുള്ളപ്പോള്‍ തന്റെ ആദ്യത്തെ കവിത പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതും ഐശ്വര്യയെ സന്തോഷവതിയാക്കുന്നു. The Crescent Smile എന്ന പേരിലെഴുതിയ കവിത പുറത്തിറങ്ങിയതോടെ ഐശ്വര്യയുടെ ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പ്രത്യേക കഴിവും താല്പര്യവും ലോകമറിഞ്ഞു. അതിലൂടെ തുടര്‍ന്നും എഴുതുന്നതിനുള്ള ഒരുപാട് പ്രചോദനവും ഇവര്‍ക്ക് ലഭിച്ചു. ഇന്ന് വിദേശ രാജ്യങ്ങളില്‍ നിന്നു പോലും പുറത്തിറങ്ങുന്ന പല പ്രസിദ്ധീകരണങ്ങളിലും ഐശ്വര്യയുടെ ലേഖനങ്ങളും കവിതകളും കാണാന്‍ കഴിയും. കേരളത്തില്‍ നിന്നിറങ്ങുന്ന our kids എന്ന മാഗസിനിലെ ഇംഗ്ലീഷ് വിഭാഗം കൈകാര്യം ചെയ്യുന്നതും ഈ പെണ്‍കുട്ടിയാണ്. ഇതിനു പുറമെ പ്ലസ്-ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സുകളും എടുക്കുന്നു. ചെറുപ്രായത്തില്‍ വീട്ടിലും സ്കൂളുകളിലുമായി എടുക്കുന്ന ക്ലാസ്സുകള്‍ തനിക്ക് ഏറെ സന്തോഷം നല്‍കുന്നെന്നും ഐശ്വര്യ പറയുന്നു. നിലവില്‍ നൂറോളം പ്രബന്ധങ്ങളും ലേഖനങ്ങളും എഴുതിക്കഴിഞ്ഞ ഐശ്വര്യക്ക് 2011-ലെ ലയണ്‍സ് എക്സലന്‍സ് അവാര്‍ഡ്, സൗഹാര്‍ദ്ദോദയം ക്ലബ് അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇനിയുള്ള വര്‍ഷം എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം.
തന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പുതിയ നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഐശ്വര്യ. ingenue എന്ന ഫ്രഞ്ച് പേരിലുള്ള നോവല്‍ ഇന്നത്തെ തലമുറയിലുള്ള ഒരു വിദ്യാര്‍ത്ഥി, തന്റെ രക്ഷിതാക്കളും അവരുടെ മുന്‍തലമുറയും വളര്‍ന്നു വന്ന കാലഘട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന അനുഭവമാണ് പകര്‍ന്ന് നല്‍കുക. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന നോവല്‍ രണ്ട് തലമുറകള്‍ തമ്മിലുള്ള ഏറെ സങ്കീര്‍ണമായ നിമിഷങ്ങളായിരിക്കും വായനക്കാരന് സമ്മാനിക്കുക. ആറ്റിങ്ങല്‍ ദീപ നിവാസില്‍ എം.എസ്.അനീഷ് രാജ്-എ.താരാഭായ് ദമ്പതികളുടെ ഏക മകളാണ് ഐശ്വര്യ. International Baccalaureate Diploma (Switzerland) നു കീഴില്‍ പ്ലസ്-ടു പരീക്ഷ എഴുതിക്കഴിഞ്ഞ് ഫലം കാത്തിരിക്കുന്നു. വിവിധ ഭാഷകള്‍ പഠിപ്പിക്കുന്ന സ്കൂള്‍ തുടങ്ങുകയും അതുവഴി സാഹിത്യ ലോകത്തിന് തന്റേതായ സംഭാവനകള്‍ നല്‍കണമെന്നുമാണ് ഐശ്വര്യയുടെ വലിയ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: