ഇരിങ്ങാലക്കുട : കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സനാതനധര്‍മ്മ വിദ്യാപീഠം ആരംഭിച്ചിട്ടുള്ള പൂജാപഠന കോഴ്സിന്റെ ആദ്യഘട്ടം സമാപിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ള ശിക്ഷാര്ത്ഥികള് 9 ദിവസം പങ്കെടുത്ത ആവാസിയ പൂജക പരിശീലന ശിബിരം ജൂണ്‍ 5 നാണ് ആരംഭിച്ചത്. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണനാകുന്നത് എന്ന പാലിയം വിളമ്പരപ്രഖ്യാപനമനുസരിച്ച് കര്‍മ്മശുദ്ധിയും അനുഷ്ഠാനവും, ഉപാസനയുമുള്ള പൂജകരെ വികസിപ്പിക്കാനുള്ള സമിതിയുടെ കാര്യക്രമങ്ങളുടെ ഭാഗമായാണ് കോഴ്സ് ആരംഭിച്ചിട്ടുള്ളത്.
രണ്ടു കൊല്ലം നീണ്ടുനില്‍ക്കുന്ന കോഴ്സിന്റെ തുടര്‍ഘട്ടങ്ങള്‍ വരുമാസങ്ങളില്‍ നടക്കും. ബ്രഹ്മശ്രീ ഡോ.കാരുമാത്ര വിജയന് തന്ത്രികളാണ് കോഴ്സിന്റെ ആചാര്യന്. ഇരിങ്ങാലക്കുട ഇടിഎം വൈദ്യശാല റിസോര്‍ട്ടില്‍ അവസാനിച്ച കോഴ്സിന്റെ ആദ്യഘട്ടത്തില്‍ ഗിരീഷ് ശാന്തി, ഷിബുശാന്തി, സുജിത്ത് ശാന്തി തുടങ്ങിയവര്‍ പൂജാപഠനക്ലാസ്സുകള് നയിച്ചു.
സമിതി സംഘടന കാര്യദര്‍ശി ടി.യു.മോഹനന്, ആചാര്യ സേതുമാധവന്, ഡോ.കെ.അരവിന്ദാക്ഷന്, വി.ടി.ഇന്ദുചൂഢന്, എ.ഗോപാലകൃഷ്ണന്, പി.എന്‍.ഈശ്വരന്, ഒ.എസ്.സതീഷ്, അമ്പാടി രാമചന്ദ്രന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. സമാപന സഭയില്‍ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി നാരായണന്, സനാതനധര്‍മ്മ വിദ്യാപീഠം അദ്ധ്യക്ഷന്‍ എ.ഒ.ജഗന്നിവാസന്‍, സെക്രട്ടറി എം.വി.രവി ചാലക്കുടി, ഡോ.ടി.എന്‍.നാരായണ്‍ജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: