ആര്‍ദ്രമായ്, മൃദുലമായ് ഏകാന്തവീഥിയില്‍
നീയരികെ തുണയായ് എന്‍ പദമൂന്നുമ്പോള്‍
നീറുമെന്നോര്മകളിലോളം തുളുമ്പുന്നു
വരളുന്ന മിഴികളിലൊരു കടലിരമ്പുന്നു
നീയെയ്തു വീഴ്ത്തിയ മാങ്കനി നുണയുമ്പോള്‍
നീ കൂട്ടിയ കൂടിന്നോരത്തിരിക്കുമ്പോള്
നിന് മടിയിലീ തലചായ്ച്ചുറങ്ങുമ്പോള്‍
എന്നിലുളവാകുന്നു നിന് സാന്ത്വനം മാത്രം
ആയിരം സ്വപ്നങ്ങളെണ്ണിത്തുടങ്ങുമ്പോള്
ഉള്ളിന്റെ വര്‍ണങ്ങള്‍ ചാലിച്ചലിയുമ്പോള്
അറിയാതെ അകതാരില്‍ നാദമായ്, സ്പന്ദമായ്
അഴലിന്റെ ആകാശനീലിമയായ് നാം
പൊയ്പ്പോയ ബാല്യങ്ങളെ തിരയുമ്പോള്‍
ദൂരെ മറഞ്ഞ വസന്തത്തെ നോക്കി നില്ക്കുമ്പോള്
അകലത്തു കേള്‍ക്കുന്ന മണിയൊച്ച, ഒരു പക്ഷേ,
പ്രിയസഖീ, നിന് പുഞ്ചിരിക്കൊഞ്ചലാവാം.
നിനവുകള്‍ തേടിയെന്‍ രാവുകളലയുമ്പോള്
നിറങ്ങളറിയാതെ മന്മനമുഴലുമ്പോള്
തലോടലറിയാത്ത നോവുകളിലിന്നു നീ
നിണമണിയും വേദനകള്‍ മാത്രം ചൊരിഞ്ഞു
വിരിഞ്ഞ മയില്പ്പീലികളിലീവിരലോടുമ്പോള്
വാടിക്കരിഞ്ഞ പൂക്കളെയൊരുവേള തഴുകുമ്പോള്‍
പൊഴിയും മഞ്ചാടികളീകൈക്കു-
ടന്നയിലൂടുതിരുമ്പോള്
എവിടെയോ നീയൊരു വിതുമ്പലായ് തേങ്ങി
നഷ്ടങ്ങള്‍ കുത്തിത്തിരുകിയ ഭാണ്ഡവും പേറി
വിണ്ടുണങ്ങുമീ ഭൂവിലിന്നു നിന്നെയും തേടീ
കരളുന്ന മാറിലൊരുറവയായ് നിറയാന്‍
നീ വരൂ, മധുരമാമോര്‍മ്മകള്‍
ഇനിയൊന്നിച്ചയവിറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: