ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ടെസ്റ്റ് പൈലിങ്ങിന്റെ പണികള്‍ പുരോഗമിക്കുന്നു. സ്ഥലം സന്ദര്‍ശിച്ച് പൈലിങ്ങ് ജോലികളുടെ പുരോഗതി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ വിലയിരുത്തി. മൂന്നുദിവസമായി പൈലിങ് ജോലികള്‍ തുടരുകയാണ്.
കുതിരപ്പന്തിയിലെ റെയില്‍വേ ക്രോസിനടുത്താണ് ഇപ്പോള്‍ പൈലിങ് ജോലികള്‍ നടക്കുന്നത്. കുതിരപ്പന്തിയിലും മാളികമുക്കിലുമുള്ള രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ച് 3,200 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന എലിവേറ്റഡ് ഹൈവേയുടെ ഡിസൈന്‍ അന്തിമമാക്കുന്നതിനായാണ് പൈലിങ് ടെസ്റ്റ് നടത്തുന്നത്.
20 മീറ്റര്‍ ആഴത്തിലാണ് പൈലിങ് നടത്തുന്നത്. പാറ കണ്ടെത്തുന്ന പൈലിങ് രീതി ആലപ്പുഴയിലെ മണ്ണിന്റെ സ്വഭാവമനുസരിച്ച് പ്രായോഗികമല്ലാത്തതിനാല്‍ ഫ്രിക്ഷന്‍ പൈലിങ് ആണ് ചെയ്യുന്നത്. 20 മീറ്റര്‍ വരെ കുഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചശേഷം ഭാരപരിശോധന നടത്തും. കോണ്‍ക്രീറ്റ് ഉറയ്ക്കാനായി 28 ദിവസമെടുക്കും. ഭാരപരിശോധനയില്‍ വിജയം കണ്ടാല്‍ ഡിസൈന്‍ പൊതുമാരമത്ത് വകുപ്പ് അന്തിമാനുമതി നല്‍കും. മാളികമുക്കിലും പൈലിങ് ടെസ്റ്റ് നടത്തും.
കുതിരപ്പന്തിയിലെ പൈലിങ് മൂന്നു ദിവസം കൂടി തുടരും. പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. ഹരിലാല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എ. നിഹാല്‍, പ്രോജക്ട് മാനേജര്‍ മഹാദേവന്‍പിള്ള, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: