എടത്വ: കുടിവെള്ള പദ്ധതിക്കായി റോഡ് തകര്‍ത്തു. എടത്വ പച്ചയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു. തകഴി-തിരുവല്ല റോഡില്‍ ഗതാഗതം നിലയ്ക്കാന്‍ സാദ്ധ്യത. ഏതാനും ദിവസമായി ഈ ഭാഗത്ത് റോഡ് താഴുവാന്‍ തുടങ്ങിയെങ്കിലും ബന്ധപ്പെട്ടവര്‍ ഗൗരവമായി കാണുവാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം സമീപത്തെ കെട്ടിടങ്ങള്‍ക്ക് പോലും ഭീഷണിയായി റോഡ് ഇടിഞ്ഞു താഴുകയായിരുന്നു.
യാതൊരു ശാസ്ത്രീയതയുമില്ലാതെ കുടിവെള്ള പദ്ധതിയുടെ പേരില്‍ തോന്നുംപോലെ റോഡ് വെട്ടിപ്പൊളിച്ചതാണ് ജനജീവിതത്തെ ദുരിതത്തിലാക്കിയത്. കുടിവെള്ള പദ്ധതിക്കായി പൈപ്പിടുവാന്‍ ഒന്നര മീറ്റര്‍ താഴ്ചയോളം കുഴിയെടുക്കുമ്പോള്‍ റോഡ് പൂര്‍ണമായി തകരാതിരിക്കുവാന്‍ ഇതിന്റെ വശങ്ങള് സംരക്ഷിക്കാത്തതാണ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.
പച്ച ഭാഗത്ത് സമീപത്തെ അഷ്ടമം പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പൈപ്പിടുവാന്‍ എടുത്ത റോഡിലെ കുഴിയിലേക്ക് ഉറവയായി എത്തുന്നതോടെ ഇവിടുത്തെ റോഡ് പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്ന് ഗതാഗതം നിലയ്ക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ള പദ്ധതിയുടെ ജോലി നടക്കുന്ന പ്രദേശങ്ങളില്‍ എല്ലാം തന്നെ ഇത്തരത്തിലാണ് കരാറുകാര്‍ ജോലി ചെയ്യുന്നത്. മഴക്കാലം തുടങ്ങിയതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് തകഴി-എടത്വ റോഡ് പൂര്‍ണമായും തകരുവാന്‍ സാദ്ധ്യതയേറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: