കൊച്ചി: കൊടുങ്ങല്ലൂര്‍ കൂളിമുട്ടം നെടുംപറമ്പ് മഹല്ലിന്റെ എട്ടു വര്‍ഷത്തെ കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് നടത്താന്‍ വഖഫ് ട്രിബ്യൂണല്‍ ഉത്തരവിട്ടതായി കേരള വഖഫ് സംരക്ഷണ സമിതി സെക്രട്ടറി അഡ്വ.ഷാനവാസ് കാട്ടകത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. 2006 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിക്കാനാണ് ഉത്തരവായത്. കഴിഞ്ഞ 8 വര്‍ഷത്തെ കണക്കുകളില്‍ കൃത്രിമം നടന്നതായി ആരോപിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ ബദറുദ്ദീന്‍ എറണാകുളം വഖഫ് ട്രിബ്യൂണലില്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കോടതി ഉത്തരവനുസരിച്ച് മഹല്ലിന്റെ കണക്കുകള്‍ പരിശോധിക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷണറെ മഹല്ല് കമ്മിറ്റിക്കാര് ഗുണ്ടകളെ ഉപയോഗിച്ച് തടഞ്ഞിരുന്നു. പിന്നീട് പോലീസ് സംരക്ഷണത്തോടെയാണ് പരിശോധന നടന്നത്. പരിശോധനയില്‍ രേഖകള്‍ ഇല്ലാത്ത ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു.
ഇരുകക്ഷികളുടെയും വാദം കേട്ട ശേഷമാണ് കണക്കുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ല. ഇതേ തുടര്‍ന്ന് ലോകായുക്തയില്‍ നല്കിയ പരാതിയില്‍ വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കി. പത്രസമ്മേളനത്തില്‍ കേരള വഖഫ് സംരക്ഷണ സമിതി ജില്ലാ ഭാരവാഹികളായ വി.എ. സബീര്‍, ടി.കെ. അബ്ദുല്‍ ജബ്ബാര്‍, ടി.എച്ച്. സുലൈമാന്‍, ജില്ലാ സെക്രട്ടറി കെ.എസ്. ബദറുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: