കൊല്ലം: വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലുപരി തനത്വരുമാനം വര്‍ധിപ്പിക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന് വിലയിരുത്തി. മാലിന്യ നിര്മാര്ജനസൗകര്യങ്ങള്, പൊതുശൗചാലയങ്ങള്‍, ശ്മശാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കണം.
വര്‍ധിപ്പിച്ച നികുതിവരുമാനം വെട്ടിക്കുറച്ചത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കൊല്ലം ജില്ലയിലെ സിറ്റിംഗില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ അറിയിച്ചതായി കമ്മീഷന് വ്യക്തമാക്കി.
കമ്മീഷന് ചെയര്മാന് ബി. എ. പ്രകാശിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ സെക്രട്ടറി ടി.കെ. സോമന്, കണ്‍സള്‍ട്ടന്റ് എം. ചന്ദ്രദാസ്, അണ്ടര്‍ സെക്രട്ടറി ബി. പ്രദീപ്കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രാദേശിക സര്‍ക്കാരുകളുടെ ധനസ്ഥിതി പരിശോധിക്കുക, സംസ്ഥാന സര്‍ക്കാരിന്റെ നികുതികളുടെ ഒരു വിഹിതവും ഗ്രാന്റുകളും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്കാന് ശുപാര്‍ശ ചെയ്യുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനും ധനസ്ഥിതി മെച്ചപ്പെടുത്താനും നിര്‍ദേശങ്ങള്‍ നല്‍കുക, വികേന്ദ്രീകരണ ആസൂത്രണം ശക്തമാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: