എല്ലാം ക്രൂരതകളും പീഡനങ്ങളും നിശബ്ദമായി സഹിക്കുകയും പൊറുക്കുകയും ചെയ്യുന്നത് ശീലമാക്കിയ ഭാരത സ്ത്രീകളോട് നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയാന്‍ ഇനിയും വൈകരുത് എന്ന ആഹ്വാനവുമായി ‘സ്ത്രീപര്‍വ്വം’. പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം എന്ന ആശയവുമായി കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സേവാദര്‍ശന്‍ തങ്ങളുടെ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്ത്രീപര്‍വ്വം എന്ന നൃത്തസംഗീതനാടകം അണിയിച്ചൊരുക്കിയത്.
നാടകത്തിന്റെ രചനയും ഗാനങ്ങളും രചിച്ചിരിക്കുന്നത് കേസരിയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ഡോ.എന്‍.ആര്.മധുവും സംഗീതം അഞ്ജലീ ഉദയകുമാറുമാണ്. ജോലിത്തിരക്കിനിടയിലും സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഇവര്‍ നാടകം ഒരുക്കിയത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന 130 ഓളം സാധാരണക്കാരായ കലാകാരന്മാരുടെ നീണ്ട ആറുമാസത്തെ പരിശ്രമമാണ് നാടകം. പതിനഞ്ച് വ്യത്യസ്തമായ സന്ദര്‍ഭങ്ങളാണ് സ്ത്രീപര്‍വ്വത്തില്‍ ഉള്ളത്. ഓരോ സന്ദര്‍ഭങ്ങളും ഒരോ പ്രദേശങ്ങളിലുള്ളവര്‍ക്ക് പരീശീലിക്കാന്‍ നല്‍കുകയായിരുന്നു. അതാത് പ്രദേശങ്ങളിലുള്ള റീഹേഴ്സലിനൊടുവില് ആഴ്ചയിലൊരിക്കല്‍ ഒന്നിച്ച് പരീശീലനം നടത്തും.
ഒന്നിച്ചുള്ള ഇത്തരം പരീശീലനം ഒത്തൊരുമയുടെ നിമിഷങ്ങള്‍ കൂടിയാണ് ഭാരതീയ പ്രവാസികള്‍ക്ക് സമ്മാനിച്ചത്. ഭാരതീയ പൈതൃകത്തിന്റെ നേര്‍ക്കണ്ണാടിയായി മാറിയ നാടകം കാണാന്‍ ഭാഷപോലും തടസ്സമാകാതെ നിരവധി വിദേശികളും എത്തിയിരുന്നു. സ്ത്രീപര്‍വ്വം എന്ന ഈ നൃത്തസംഗീതനാടകത്തിന്റെ സ്റ്റേജിലും അണിയറയിലും പ്രവര്‍ത്തിച്ചത് മുഴുവന്‍ കുവൈത്തിലുള്ള പ്രവാസികളായ ഭാരതീയരായിരുന്നു. ഉപഭോഗ സംസ്കാരത്തിന്റെയും കമ്പോളവത്കരണത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ മലീമസമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഭാരതീയ സ്ത്രീത്ത്വത്തിനുനേരെ കാമത്തിന്റെ കഴുകന്‍കണ്ണുകളുമായി മാനാഭിമാനം കൊത്തിപ്പറിക്കാന്‍ ഇറങ്ങുന്ന ദുഷ്ട ദൃംഷ്ടങ്ങള്ക്കുനേരെ ധാര്‍മ്മികതയുടെ ശക്തശരങ്ങള് തൊടുത്തുവിടുന്നതായി മാറി സ്ത്രീപര്‍വ്വം.
വിശ്വജനനിയായ ഭാരതാംബയുടെ മടിത്തട്ടിലെ സ്നേഹം, ത്യാഗം, പാതിവ്രത്യം, ധീരത, ദേശസ്നേഹം എന്നിവ മനോഹരമായി അണിയിച്ചൊരുക്കുന്നതിനായി എണ്‍പതോളം അമ്മമാരും പങ്കാളികളായിരുന്നു. അബ്ബാസിയയിലെ മറീനാഹാളിലെ നിറഞ്ഞ സദസ്സിനുമുമ്പിലാണ് സ്ത്രീപര്‍വ്വം അരങ്ങേറിയത്. സ്ത്രീപര്‍വ്വത്തിന്റെ വിജയത്തിനായി ചായമണിഞ്ഞ സ്ത്രീകളുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചു പറ്റി.
പുരാണത്തില്‍ സ്ത്രീയുടെ ആദിഭാവമായ പരാശക്തിയില്‍ നിന്നു തുടങ്ങി സിസ്റ്റര്‍ നിവേദിത വരെ പതിനഞ്ച് ഭാരതീയസ്ത്രീ രത്നങ്ങളുടെ പതിനഞ്ച് അപൂര്‍വ്വവും വ്യത്യസ്തവുമായ ഭാവങ്ങളെ ഒരുപോലെ കോര്‍ത്തിണക്കി എന്നതാണ് സ്ത്രീപര്‍വ്വത്തിന്റെ സവിശേഷത. സാവിത്രിയുടെയും സീതയുടെയും ത്യാഗം മുതല്‍ മികച്ച മാതൃത്വങ്ങള്‍ക്ക് മകുടോദാഹരണമായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ അമ്മയും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ വരെയുമുള്ള സ്ത്രീരത്നങ്ങളാണ് ഇതിലുള്ളത്. ദല്‍ഹില്‍ ബസ്സില്‍വച്ച് മനുഷ്യമൃഗങ്ങളുടെ ക്രൂരതയാല്‍ ജീവിതമവസാനിച്ച നിര്‍ഭയയുടെ സംഭവത്തിലൂടെയാണ് സ്ത്രീപര്‍വ്വത്തിന്റെ കഥാതന്തുക്കള്‍ വികസിക്കുന്നത്.
കുവൈത്തിലെ ഭാരതീയ പ്രവാസികള്‍ക്കിടയില്‍ ദേശീയതയില്‍ ഊന്നി സേവനപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്ന സാമൂഹ്യ സാംസ്ക്കാരിക സംഘടനയാണ് സേവാദര്‍ശന്‍ കുവൈത്ത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മഹത്തായ മൂന്നുസേവനങ്ങള് പൂര്‍ത്തിയാക്കിയ സേവാദര്‍ശന്‍ തങ്ങളുടെ അടുത്തപദ്ധതിക്കായുള്ള ധനസമാഹരണത്തിനായാണ് ഇത്ര മഹത്തായ കലാദൗത്യം ഏറ്റെടുത്തത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജഗദ്ഗുരു എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴീല്‍ വിശ്വകര്‍മ്മ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജി എന്ന സ്ഥാപനം ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് സേവാദര്‍ശന്‍.
മാധവസേവ മാനവസേവ, ജനസേവ ജനാര്‍ദ്ദനസേവ എന്ന ആപ്തവാക്യം മനസ്സിലേറ്റുന്ന ഒരു കൂട്ടം ഭാരതീയര്‍ അതും സ്വദേശം വിട്ടുജീവിക്കുന്നവര് എറ്റെടുത്ത മഹാദൗത്യം സ്വദേശത്തുള്ളവര്‍ക്കും പാഠമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: