എന്നെ ഉറക്കാന്‍ നീ പണ്ടുപാടിയ-
കണ്ണുനീര് പാട്ടും കടമെടുക്കുന്നു.
ഇന്നു ഞാന്‍ താരാട്ടു പാടാം…
ഉറങ്ങുകെന്നമ്മേ ഇനി അല്ലലില്ല
നീ മുക്തയായ് നീ മുക്തയായ്…
നിന് പൊന്‍ മകന് പാടി നടക്കുന്നു
സഞ്ചാരിയായ്…
കവിയും ശ്രീകുമാരന്‍ തമ്പിയുടെ ഈ വരികള്‍ വായിക്കുന്ന മലയാളിക്ക് മനസ്സില്‍ സ്വന്തം അമ്മയുടെ രൂപം തെളിയാതിരിക്കില്ല. എന്നും ദൈവത്തെപ്പോലെ കണ്ടാശ്വസിക്കേണ്ട, ആരാധിക്കേണ്ട, അനുഗ്രഹം നേടേണ്ട അമ്മയ്ക്കു വേണ്ടി മാധ്യമങ്ങളും പൊതുസമൂഹവും ഇക്കാലത്തും ഒരു ദിനമെങ്കിലും മാറ്റിവയ്ക്കുന്നതില്‍ നമുക്കാശ്വസിക്കാം. കാരണം ആധുനിക സാങ്കേതിക ലോകം അത്രമാത്രം ജീവിതവും മനുഷ്യ ബന്ധങ്ങളും യാന്ത്രികമാക്കിയിരിക്കുന്നു. ഇന്റര്‍നെറ്റും നവമാധ്യമങ്ങളും നമ്മുടെ അമ്മമാരെ ഒരുദിവസമെങ്കിലും വീണ്ടെടുക്കാന്‍ മത്സരിച്ച് രംഗത്തുണ്ടാകുന്നല്ലോ എന്നു സമാധാനിക്കുക.
അത്തരത്തില്‍ ഓരോ മാതൃദിനം കടന്നുപോകുമ്പോഴും അധികമാരും ഓര്‍ക്കാറില്ല തറവാട്ടമ്മമാരെ. കേരളത്തിലെ തറവാടുകള്‍ അപ്രത്യക്ഷമായപ്പോള്‍, കൂട്ടുകുടുംബങ്ങള്‍ തായ്വേരൊടെ നാടുനീങ്ങിക്കൊണ്ടിരിക്കുമ്പോള് അന്യം നിന്നു പോകുന്നത് നമ്മുടെ തറവാട്ടമ്മമാരാണ്. കുറേ തലമുറകളെ പറഞ്ഞും ശാസിച്ചും ഒരുകാലത്ത് കുടുംബങ്ങളില്‍ നെടുംതൂണായി നിന്നവര്‍.
മച്ചകത്ത് അധിവസിക്കുന്ന ദേവതകള്‍ക്കു മാത്രമായിരുന്ന കുടുംബങ്ങളില്‍ ഇവര്‍ക്കു മേല്‍ സ്ഥാനം. കുടുംബ പൈതൃകങ്ങളായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ ഇവര്‍ അണുവിട തെറ്റിയ്ക്കാതെ കെടാവിളക്കായി കാത്തു, എതിരു നില്‍ക്കുന്നവരെ ശാസിച്ചും ഉപദേശിച്ചും സ്നേഹിച്ചും നിലകൊണ്ടു. പ്രായംകൊണ്ടും അറിവുകൊണ്ടും അവരെന്നും വഴികാട്ടികളായിരുന്നു. പകലന്തിയോളം തന്റെ മക്കളുടെയും മരുമക്കളടെയും കൊച്ചുമക്കളുടെയും കാര്യങ്ങളില്‍ ഇടപെട്ട്, ചിലപ്പോള്‍ അത്തരം ഇടപെടലുകളിലൂടെ കുറച്ചെല്ലാം നീരസം തോന്നിപ്പിച്ചും തറവാട്ടമ്മയായിരുന്നവര്. ഭക്ഷണകാര്യത്തിലും തങ്ങളുടെ ദിനചര്യകളിലും ഒരൊത്തുതീര്‍പ്പിനും നില്‍ക്കാതെ കുളിയും ജപവും കഷായവും മരുന്നുമായി നമ്മുടെ ഉമ്മറക്കോലായികളെ ധന്യമാക്കിയിരുന്നവര് ഇന്നവിടെ.
അവരില്‍ ചിലര്‍ ചില വീടുകളിലെ ഒഴിമുറിക്കുള്ളില്, അല്ലെങ്കില്‍ സ്റ്റോര്‍ റൂമുകളിലെ കൊച്ചുകട്ടിലില്‍, മരുന്നുപെട്ടികളുമായി ഉണ്ടാകും. അവരും സ്വയം ഏറെ മാറിപ്പോയി. മാറാതെ തരമില്ലലോ. എല്ലാം ന്യൂജനറേഷനായപ്പോഴുള്ള ഒരു മാറ്റം, അത്രതന്നെ. സ്വന്തം തറവാടുകളില്‍ തന്റെ കൊച്ചുമക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും ഉണ്ണിക്കണ്ണന് മണ്ണുവാരി തിന്നതും വെണ്ണകട്ടെടുത്തതും പറഞ്ഞുകൊടുത്ത് രസിപ്പിച്ചിരുന്ന നമ്മുടെ തറവാട്ടമ്മമാര്ക്ക് ഇപ്പോള്‍ ‘പരസ്പരവും ചന്ദനമഴയും’ ആയി എല്ലാം.
കൊച്ചുടിവിയും കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും കുട്ടികള്‍ക്ക് ഇപ്പോള്‍ കഥപറയുന്നവരായിമാറി. ഒരുകാലത്ത് സ്വന്തം തറവാട്ടു കാര്യങ്ങള്‍ കൂടാതെ അയല്പക്കത്തെ കാര്യങ്ങളിലും ഇടപ്പെട്ടും പരിഹാരം കണ്ടും കഴിഞ്ഞ ആ കാലത്തു നിന്നും തങ്ങള്‍ താമസിക്കുന്ന മക്കളുടെയോ മരുമക്കളുടെയോ വീടുകളില്‍ അവരുടെ പോലും കാര്യങ്ങള്‍ അറിയാതെ, കേള്‍ക്കാതെ ടിവികളിലെ കണ്ണുനീര് പരമ്പരകളില്‍ മനസ്സുകൊണ്ട് മുഴുകി ജിവിക്കുന്നു.
സന്ധ്യാദീപം കൊളുത്തിയാല്‍ സന്ധ്യാനാമം ജപിച്ചും കൊച്ചുകുട്ടികളെ കുടെയിരുത്തിയും ഈശ്വരനു ജീവിതം സമര്പ്പിച്ചവര്ക്കിന്ന് ഏകാന്തത ഒഴിവാക്കാന്‍ കണ്ണീര്പരമ്പരകളാണഭയം. കൂടെയിരുത്താനോ കഥ പറഞ്ഞുകൊടുക്കാനോ കുഞ്ഞുമക്കളില്ലാതെ എന്തു നാമജപം. നമ്മുക്കിവരെ ചിലപ്പോള്‍ നഗരങ്ങളിലെ ഫഌറ്റുകളില്‍ കാണാം. തങ്ങളുടെ കൊച്ചുമക്കള്‍ക്കായി സ്കൂള്‍ ബസ്സ് കാത്തിരിക്കാന്‍, അവര്‍ക്കു പാലും കോണ്ഫേഌക്സും നല്കാന്. അതും പ്രായം കുറഞ്ഞവര്‍ക്കും ആരോഗ്യമുള്ളവര്‍ക്കും മാത്രം സംവരണം ചെയ്തിരിക്കുന്നു. കുറച്ചു മുമ്പുവരെ അമ്പലവും ആല്‍ത്തറയും സ്വന്തമാക്കി സൗഹൃദസദസ്സ് നടത്തിയവര്ക്കിപ്പോള് തിരക്കുപിടിച്ച നഗരങ്ങളിലെ അമ്പലങ്ങളില്‍ പോകാന്‍ ഒന്നു പ്രാര്‍ത്ഥിക്കാന്‍ മക്കളുടെ സമയംനോക്കി കാത്തുനില്ക്കണം. ഭക്ഷണവും മരുന്നും കൃത്യസമയത്തു കിട്ടുന്നതുതന്നെ പുണ്യമായി കണക്കാക്കേണ്ട ഒരു കാലം, അത്രതന്നെ.
കുഞ്ഞുന്നാളില്‍ എന്റെയമ്മയെ എനിക്കുവേണം എന്നുവാശി പിടിച്ചവര്‍ പലര്ക്കുമിപ്പോള് നിന്റെമ്മയെ നീ തന്നെയെടുത്തോ എന്ന് സഹോദരങ്ങളോടുപോലും നീരസം പറയുന്ന സ്ഥിതിയായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: