കൊപ്പം: മുളയന്‍കാവ് ഭഗവതിക്ഷേത്രത്തിലെ മേടമാസ ഉത്സവാഘോഷങ്ങള്‍ക്ക് ഇന്ന് പൂരത്തോടെ പരിസമാപ്തി.ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രസിധിയില്‍ സന്ധ്യാവേലയ്ക്ക് വിളക്കുവെക്കും. 2.30ന് താലപ്പൊലിപറമ്പില്നിന്ന് ദേശത്തേരുകളുടെ അകമ്പടിയോടെ താലം എഴുന്നള്ളിപ്പ് നടക്കും.
മുന്നുമണിക്ക് തിരുമുറ്റത്ത് കലാമണ്ഡലം ചന്ദ്രന്റെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം അരങ്ങേറും. ചെറുകോടുനിന്ന് വാദ്യഘോഷങ്ങളുമായിവരുന്ന അടിയാളവേലയും സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപവേലകളും ക്ഷേത്രനടയിലെത്തി ഭഗവതിയെ വണങ്ങും. എഴുന്നള്ളിപ്പ് ക്ഷേത്രപ്രദക്ഷിണം നടത്തിയതിനുശേഷം വെളിച്ചപ്പാടുമാരുടെ നൃത്തവും അരിയേറും നടക്കുന്നതോടെ പകല്‍പ്പൂരം സമാപിക്കും. രാത്രി പകല്‍പ്പൂര ചടങ്ങുകളുടെ തനിയാവര്‍ത്തനമാണ്.
കൂത്തുമാടത്തില്‍ തോല്പാവക്കൂത്തിന് സമാപനമായി നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ മുളയന്‍കാവിലമ്മയുടെ മേടമാസ ഉത്സവങ്ങള്‍ക്ക് പരിസമാപ്തിയാവും. വലിയകാളവേല പുറമത്രദേശം വകയും വലിയപൂരം ദേവസ്വം നേതൃത്വത്തിലുമാണ് നടത്തുന്നത്. പൂരത്തോടനുബന്ധിച്ച് ഇന്നലെ കാളവേല ആഘോഷിച്ചിരുന്നു കുലുക്കല്ലൂര്‍, നെല്ലായ, ചളവറ, വല്ലപ്പുഴ എന്നീ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു തട്ടകത്തിന് അധിപതിയാണ് മുളയങ്കാവിലമ്മ. സന്ധ്യാവേലയ്ക്ക് വിളക്കുവച്ചതോടെ കേളി, കുഴല്‍പ്പറ്റ് എന്നിവ അരങ്ങേറി തുടര്‍ന്ന് കാളയിറക്കം നടന്നു.
വെളിച്ചപ്പാടുമാര്‍ കുത്തുവിളക്കുമായി പാലക്കുറുശ്ശിനായരും ചേര്‍ന്ന് തീവെട്ടിയുമായി കാളപ്രദക്ഷിണം നടത്തിയശേഷം കാളകള്‍ക്ക് കാവിറങ്ങാന് അനുവാദം നല്കി. ദേശക്കാളകളാണ് ആദ്യം ഊഴമിട്ട് ഇറങ്ങിയത്.തുടര്‍ന്ന്, ഇണക്കാളകളോരോന്നും കാവിറങ്ങി. ക്ഷേത്രപ്രദിക്ഷണത്തിനുശേഷം ഊഴമിട്ടുതന്നെ കാളകള്‍ കാവുകയറിയതോടെ കാളവേലക്കു സമാപനം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: