കൊച്ചി: പിന്നാക്ക ജനവിഭാഗങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ഭീമ യോജന എന്നീ പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ കാര്യത്തില്‍ ഭാരതം പിന്നിലാണ്. കുറഞ്ഞ പ്രീമിയത്തില്‍ എല്ലാവര്ക്കും ഇന്‍ഷുറന്‍സ്, പെന്ഷന് പദ്ധതികള്‍ നടപ്പാക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരുമായവര്‍ക്ക് ചികിത്സാ, വാര്‍ധക്യ കാല പെന്ഷന് സംവിധാനങ്ങളാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ എത്ര പണം ആവശ്യമായാലും അത് സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് എല്ലാവര്ക്കും പെന്ഷന്, ഇന്‍ഷുറന്‍സ് എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. വിവിധ പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാന എക്സൈസ്-ഫിഷറീസ് മന്ത്രി കെ. ബാബു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഹൈബി ഈഡന് എംഎല്‍എ, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, എസ്ബിടി ചെയര്മാന് ആദി കേശവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: