എരുമേലി: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ആര്‍എസ്പി എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയടക്കം വരുന്ന നേതാക്കളെ സസ്പെന്റ് ചെയ്ത ജില്ലാ സെക്രട്ടറിയുടെ നടപടി സംസ്ഥാനകമ്മറ്റി റദ്ദാക്കി.
കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നടന്ന ആര്‍എസ്പി യോഗത്തിനിടെയാണ് സംഭവങ്ങളുടെ അരങ്ങേറ്റം. സിപിഐ എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരിക്കെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട പി.കെ. റസാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടുത്തിടെ ആര്എസ്പിയില് ചേക്കേറിയത്. നേതാക്കളില്ലാതിരുന്ന ആര്എസ്പിയില് പുതുതായി എത്തിയവരെ ലോക്കല്‍ സെക്രട്ടറിയാക്കി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് മുണ്ടക്കയത്തെ യോഗത്തില്‍ അഴിമതി ആരോപണമടക്കമുള്ള പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയായ ഷാജി ഫിലിപ്പ് ഇവരെ പുറത്താക്കുന്നത്. യോഗത്തിനിടെ ജില്ലാ സെക്രട്ടറിയെ കയ്യേറ്റത്തിന് ശ്രമിക്കുകയും കസേര വലിച്ചെറിയുകയും ചെയ്തതോടെ എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.കെ. റസാക്ക്, അംഗങ്ങളായ സിബി എ.കെ., അപ്പുക്കുട്ടന്, റജി വാളിപ്ലാക്കല്‍ എന്നിവരെ സസ്പെന്റ് ചെയ്യുകയും കെ.പി. ബാബുവിനെ ജില്ലാ കമ്മറ്റിയില്‍നിന്നും മണ്ഡലം കമ്മറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. എരുമേലി ലോക്കല്‍ കമ്മറ്റി സസ്പെന്റ് ചെയ്ത സാഹചര്യത്തില്‍ താത്ക്കാലിക കമ്മറ്റിയേയും മുണ്ടക്കയത്തുവച്ച് ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ സസ്പെന്റ് ചെയ്തവര്‍ നല്കിയ അപ്പീല്‍ സ്വീകരിച്ച സംസ്ഥാന കമ്മറ്റി ജില്ലാ സെക്രട്ടറിയുടെ നടപടികളെല്ലാം റദ്ദാക്കുകയായിരുന്നുവെന്നും ലോക്കല്‍ സെക്രട്ടറി പി.കെ. റസാക്ക് പറഞ്ഞു. സംഭവം സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി സമ്മേളനം നടക്കാനിരിക്കെ തുടര്‍ നടപടികള്‍ ഉണ്ടാകാനിടയില്ലെന്നും നേതാക്കള്‍ തന്നെ പറയുന്നു.
ഇതിനിടെ പാര്‍ട്ടി അച്ചടക്ക നടപടിയുടെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മെയ്ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ജില്ലാ കമ്മറ്റി അംഗം എന്‍. സദാനന്ദന്, സെക്രട്ടറിയേറ്റ് അംഗം കെ.പി. ബാബു അടക്കം നിരവധിപേര്‍ പങ്കെടുത്തു. എരുമേലി ലോക്കല്‍ കമ്മറ്റിക്കെതിരെ ശക്തമായ അഴിമതി ആരോപണങ്ങളാണ് ഉയരുന്നതെന്നും നടപടി എടുക്കാന്‍ സാധ്യതയുണ്ടെന്നും ജില്ലാ നേതാക്കളും പറയുന്നു.
എന്നാല്‍ ജില്ലാ-സംസ്ഥാന കമ്മറ്റിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് എരുമേലി ലോക്കല്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നതെന്നും സസ്പെന്ഷന് അടക്കമുള്ള നടപടികളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് ലോക്കല്‍ കമ്മറ്റി നേതാക്കളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: