കായംകുളം: നാഗാലാന്‍ഡില്‍ ക്രിസ്ത്യന്‍ തീവ്രവാദികളുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച കരീലകുളങ്ങര മലമേല്‍ഭാഗം കപ്പകശേരിത്തറയില് സജീവന്റെ മക്കളായ സായൂജ്യയും സാരംഗും അച്ഛന്റെ മരണവിവരം അറിയാതെ വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നു.
കരഞ്ഞ് തളര്‍ന്ന് കിടക്കുന്ന അമ്മയുടെ അരികെ ഇടയ്ക്കിടെ ഏഴുവയസുള്ള മകള്‍ സായൂജ്യ എത്തി നോക്കിയിട്ട് പുറത്തേക്ക് പോകുന്നതും നാലുവയസുകാരന് സാരംഗ് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മനല്കിയിട്ട് എന്താമ്മേ കരയുന്നതെന്ന് ചോദിക്കുന്നതും ഹൃദയഭേദകമായ കാഴ്ചയാണ്. വിവരരറിഞ്ഞ് വീട്ടിലെത്തുന്ന മറ്റു ബന്ധുക്കളുടെ അടക്കം പറച്ചിലും കരച്ചിലും കണ്ടിട്ട് ഈ കുഞ്ഞുങ്ങള്‍ കാര്യമറിയാതെ പുഞ്ചിരിതൂകി നില്‍ക്കുന്നത് നാട്ടുകാരുടെ കണ്ണുകളേയും മനസിനേയും ഈറനണിയിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു അവധി കഴിഞ്ഞ് സജീവന് നാഗാലാന്‍ഡിലേക്ക് മടങ്ങിയത്. ദിവസവും മൂന്ന് തവണയെങ്കിലും വീട്ടിലേക്ക് വിളിച്ച് ഭാര്യ ജിഷയോട് കുട്ടികളുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. കരീലകുളങ്ങര ജനശക്തി പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സായൂജ്യ സാരംഗ് അങ്കണവാടിയിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: