കൊച്ചി: വിഎസ് പക്ഷത്തിന്റെ കോട്ടയെന്നറിയപ്പെട്ടിരുന്ന എറണാകുളം ജില്ലയില്‍ പിണറായി പക്ഷം സര്‍വാധിപത്യം ഉറപ്പിക്കുന്നു തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ വിഎസ് പക്ഷം പൂര്‍ണമായും കീഴടങ്ങുകയായിരുന്നു. പിണറായി പക്ഷത്തെ പ്രമുഖനായ പി.രാജീവ് ജില്ലാ സെക്രട്ടറി ആയതോടെ ഒന്നൊന്നായി വിഎസ് പക്ഷത്തെ വെട്ടിനിരത്തുകയാണ്.
ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണത്തില്‍ പിണറായി പക്ഷം ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ജില്ലാ കമ്മറ്റിയിലാണെങ്കില് നാമമാത്ര വിഎസ് പക്ഷക്കരാണുള്ളത്. ഏറ്റവും ഒടുവില്‍ മുളന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന എ.പി.വര്‍ക്കി മിഷന് ആശുപത്രിയിലെ പുതിയ ഭരണസമിതി രൂപീകരണമാണ് വിഎസ് പക്ഷത്തിന് ഏറ്റ കനത്ത പ്രഹരം.
വിഎസ് പക്ഷത്തെ പ്രമുഖന് എസ്.ശര്‍മ്മ എംഎല്‍എ ആയിരുന്നു ആശുപത്രിയുടെ ചെയര്മാന്. വിഎസ് പക്ഷത്തെ തന്നെ മുന്‍ എംഎല്‍എ എം.എം.മോനായി ആയിരുന്നു സെക്രട്ടറി. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എസ്.ശര്‍മ്മയെ മാറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പിണറായി പക്ഷക്കാരനുമായ എന്‍.സി.മോഹനെ ചെയര്‍മാനാക്കി. പി.വി.മാത്യുവാണ് പുതിയ സെക്രട്ടറി.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ആശുപത്രി ഭരണം വിഎസ് പക്ഷത്തുനിന്നും പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. കൂടാതെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്ന വിഎസ് പക്ഷക്കാരായ കെ.എ.ചാക്കോച്ചന്, പി.എസ്.മോഹനന് എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.
ആശുപത്രിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്.ശര്‍മ്മക്കും മോനായിക്കുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
വന്‍ നഷ്ടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനമെന്നായിരുന്നു മുഖ്യ ആരോപണം. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം സജീവ ചര്‍ച്ചയായിരുന്നു.
ഇതിനിടെ പെരുമ്പാവൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയായ എന്‍.സി.മോഹനനെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തതിനാല്‍ ഏരിയ സെക്രട്ടറി സ്ഥാനം ഒഴിയുന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തര്‍ക്കത്തെ തുടര്‍ന്ന് പുതിയ ഏരിയ സെക്രട്ടറിയെ കണ്ടെത്തുവാനുള്ള ശ്രമം അവതാളത്തിലായി.
ആര്.എം.രാമചന്ദ്രന്റെ പേരാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍.സി.മോഹനന് വിഭാഗം തീരുമാനിച്ചത്. ഇതനുസരിച്ച് ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായി ജില്ലാ സെക്രട്ടറി പി.രാജീവിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം അലസിപ്പിരിയുകയായിരുന്നു. സാജുപോള്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ എം.ഐ.ബീരാസിനെ സെക്രട്ടറിയാക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചത്. ഏരിയ കമ്മറ്റിയില്‍ ഭൂരിഭാഗവും ബീരാസിന് പിന്തുണയുമായി എത്തിയതോടെ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് വന്നതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: