പത്തനാപുരം: അപകടങ്ങളും അത്യാഹിതങ്ങളും മുതലെടുത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അരങ്ങുവാഴുന്നു. രോഗികളോടും മൃതശരീരങ്ങളോടും ഡ്രൈവര്‍മാര്‍ കാണിക്കുന്ന ചൂഷണം സാധാരണക്കാരെ ഏറെ ദുരിതത്തിലാക്കുകയാണ്. മനുഷ്യജീവനുകള്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടെ ഭൂരിപക്ഷം ആളുകളും ആംബുലന്‍സുകാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത.
സ്വകാര്യ സര്‍ക്കാര്‍ ആംബുലന്‍സുകള്‍ക്ക് ആരോഗ്യവകുപ്പും വാഹനവകുപ്പും നിര്‍ദ്ദേശിക്കുന്ന കിലോമീറ്റര്‍ ചാര്‍ജ് പതിമൂന്ന് രൂപയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ആണെങ്കില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് പണം നല്‍കേണ്ട ആവശ്യവുമില്ല. ഇതിനുപുറമെ നിശ്ചിതദൂര പരിധികള്ക്കുള്ളിലാണെങ്കില് സാധാരണക്കാര്‍ക്ക് വാടക നല്‍കേണ്ട ആവശ്യവുമില്ല.
എന്നാല്‍ ഇത്തരം നിയമങ്ങളും വ്യവസ്ഥകളുമെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് സ്വകാര്യ ആംബുലന്‍സുകള്‍ മല്‍സരയോട്ടം നടത്തുന്നത്.കിലോമീറ്ററിന് ഇരുപത്തിയഞ്ചുരൂപ മുതല്‍ മുപ്പത് രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. ഇതിനുപുറമെ വെയിറ്റിംഗ് ചാര്‍ജിനത്തിലും ചിലവിനത്തിലും മടക്കയാത്രയിനത്തിലും പ്രത്യേകം പണവും ഇവര്‍ വാങ്ങാറുണ്ട്. പലപ്പോഴും ഒരു കിലോമീറ്ററിനു പോലും 150 രൂപയില്‍ കൂടുതലാണ് ഇത്തരക്കാര്‍ കൈപ്പറ്റുന്നത്. എന്നാല്‍ അത്യാഹിത സമയങ്ങളില്‍ ആളുകള്‍ ഇത്തരത്തില്‍ ചിലവാകുന്ന പണത്തെപറ്റി ചിന്തിക്കാറില്ല.
പത്തനാപുരം താലൂക്ക് പരിധിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ആംബുലന്‍സ് പോലും ഇല്ലാത്തതു കാരണം സ്വകാര്യചൂഷണക്കാര് അരങ്ങുവാഴുകയാണ്.നിരവധി തവണ ആംബുലന്‍സുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ആംബുലന്‍സുകളില്‍ വാഹനവകുപ്പിന്റെ പരിശോധന കര്‍ശനമല്ലാത്തതും സ്വകാര്യമുതലാളിമാര്‍ക്ക് ഏറെ സഹായകമാകുന്നുണ്ട്. പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ആംബുലന്‍സ് മാസങ്ങളായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കേടായികിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: