മരട്: ദേശീയ പാതയില്‍ കണ്ണാടിക്കാട്ട് മൂന്നാഴ്ച മുന്‍പ് സാമൂഹിക ദ്രോഹികള്‍ തകര്‍ത്ത മീഡിയന് കട്ടിങ്ങില്‍ അപകടം തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാത്രി ഉണ്ടായ കാറപകടത്തില്‍ തമിഴ്നാട് സ്വദേശികളായ മൂന്നു പേര്‍ക്ക് പരിക്കേറ്റതാണ് ഒടുവിലത്തേത്. തിങ്കളാഴ്ച രാവിലെ സൗത്ത് സിഐ സിബിടോമിന്റെ കാര്‍ അപകടത്തില്‍ പെട്ട അതേ സ്ഥലത്ത് രാത്രി എട്ടരയോടെ ആയിരുന്നു അപകടം.
അശാസ്ത്രീയ കട്ടിങ്ങിലൂടെ ദേശീയ പാതയില്‍ കയറിയ ബൈക്കില്‍ തട്ടാതിരിക്കാന്‍ പെട്ടെന്നു നിറുത്തിയ തമിഴ്നാട് സ്വദേശികളുടെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വൈറ്റില ഭാഗത്തു നിന്നും തൈക്കൂടം പാലം ഇറങ്ങി വേഗത്തില്‍ വരികയായിരുന്ന കാറുകള്‍ക്ക് ഇടയില്‍ ഇരു ചക്ര വാഹനം ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.
നിസാര പരിക്കേറ്റ കാര്‍യാത്രികരായ മൂന്നു പേര്‍ക്ക് മരട് പിഎസ് മിഷന് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി. അപകടം കണ്ട് ധാരാളം ആളുകളും ഓടിക്കൂടി. അശാസ്ത്രീയ കട്ടിങ്ങ് അടയ്ക്കാന്‍ താമസിക്കുന്ന ഓരോ നിമിഷവും പേടിയോടെയാണ് ഇതുവഴി പോകുന്നതെന്ന് പരിസര വാസികള്‍ പറഞ്ഞു. സര്‍വീസ് റോഡിലെ ഷോറൂമുകാരുടെ താല്പര്യാര്ഥമാണിത് തുറന്നിട്ടുള്ളത്.
കോണ്‍ഗ്രസ് കൗണ്സിലറുടെനേതൃത്വത്തിലാണ് പൊളിച്ചതെന്ന് തെളിഞ്ഞിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പൊതുമുതല്‍ നശിപ്പിച്ച ആളെ സംരക്ഷിക്കുന്ന നഗരസഭാ കൗണ്‍സില്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയതോടെ കടമ പൂര്‍ത്തിയായ മട്ടാണ്. വിഷയത്തില്‍ അയഞ്ഞ നിലപാട് എടുത്ത സിപിഎമ്മിനും വിഷയത്തിലുള്ള പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഡിവൈഎഫ്ഐയും പ്രതിപക്ഷ കൗണ്‍സിലര്‍മാരും നടത്തുമെന്ന് പറഞ്ഞ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ നിന്നും പിന്നാക്കം പോയത് സംശയത്തിന് ഇടനല്കിയിരിക്കുകയാണ്.
സിപിഎം മരട് ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം നടക്കുന്ന 19 വരെ യാതൊരു വിധ സമരങ്ങള്‍ക്കും പോകേണ്ടെന്ന് മെയ്ദിനത്തില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ പോഷക സംഘടനകള്‍ക്ക് നിര്‍ദേശം കിട്ടി. പൈപ്പു പൊട്ടല്‍ പോലുള്ള ഗുരുതര പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ മീഡിയന് തകര്‍ത്തത് അത്ര വലിയ പ്രശ്നമല്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: