പെരുമ്പാവൂര്‍: ആരാലും തെളിയിക്കുന്ന തിരിനാളമല്ല, മറിച്ച് സ്വയം ജ്വലിക്കുന്ന സൂര്യനാണ് നാമോരോരുത്തരുമെന്ന് മാതാ അമൃതാനന്ദമയിദേവി ഉദ്ബോധിപ്പിച്ചു. പെരുമ്പാവൂരില്‍ നടക്കുന്ന ശ്രീനാരായണ ദര്‍ശനോത്സവം 2015 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമ്മ. സ്നേഹവും സേവനവും ചേര്‍ന്ന സാധനയാണ് പ്രാര്‍ത്ഥന.
വണ്ടിന് തേനിനോടുള്ളത്, ചിത്രകാരന് ചായത്തോടുള്ളത്, പൂവിന് വര്ണ്ണത്തോടുള്ളത്, കവിയ്ക്ക് അക്ഷരങ്ങളോടുള്ളത്, അമ്മയ്ക്ക് കുഞ്ഞിനോടുള്ളത്, പലതല്ലാത്ത ഒരേവികാരത്തോടുള്ള സ്നേഹമാണെന്ന് അമ്മ പറഞ്ഞു. നാലുവന്കരകളുടെയും അമ്മ പെരുമ്പാവൂരിലെത്തുമ്പോള്‍ യോഗസ്ഥലം പതിനായിരക്കണക്കിന് ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.ഭൗതികമായ വളര്‍ച്ചക്കൊപ്പം, സാംസ്കാരിക മൂല്യങ്ങളുടെയും വളര്‍ച്ച അനിവാര്യമാണെന്ന് അമ്മ മക്കളെ ഓര്‍മ്മിപ്പിച്ചു.
ശ്രീനാരായണഗുരുദേവന്റെ ആശയാഭിലാഷങ്ങളെ പ്രാവര്‍ത്തികമാക്കുകയാണ് അമ്മ ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരനും ആത്മസുഖത്തിനായ് വരാന്‍ അമ്മ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക നീതിയ്ക്കുവേണ്ടി സംഘടിതശക്തി സമാഹരണവും ഹൈന്ദവ ഏകീകരണവും കാലത്തിന്റെ അനിവാര്യതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന നാലുകോടി ജനങ്ങളുമായി സംവദിച്ചിട്ടുള്ള അമ്മയിലൂടെ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തല പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയില്‍ ആഭ്യന്തരമന്ത്രിയെകൂടാതെ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബിമോനോന്, കെ.കെ.കര്ണ്ണന്, പ്രീതിനടേശന്‍, എ.ബി.ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
‘ആചാരാനുഷ്ഠാനങ്ങളുടെ കാലിക പരിണാമത്തില്‍ ഗുരുവിന്റെ സ്വാധീനം’ എന്ന വിഷയത്തില്‍ ആദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍ ക്ലാസെടുത്തു. യൂണിയന് വൈസ് പ്രസിഡന്റ് എം.എ.രാജു നന്ദി പറഞ്ഞു.
മൂന്നാം ദിവസമായ ഇന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ദര്ശനോത്സവസന്ദേശം നല്‍കും. ‘സാമൂഹിക നവോത്ഥാനം ഗുരുദേവനിലൂടെ’ എന്ന വിഷയത്തില്‍ സൈഗണ്‍ സ്വാമികളും ‘ദൈവദശകം ദൈവാനുഭവത്തിന്റെ സങ്കീര്‍ത്തനം’ എന്ന വിഷയത്തില്‍ ഡോ.ഗീത സുരാജും ക്ലാസുകള്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: