കുന്നത്തൂര്‍: തൊഴിലാളി വിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട ബോഡിഗിയര്‍ പാവനിര്‍മ്മാണ യൂണിറ്റില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ സ്ത്രീതൊഴിലാളികള്‍ നടത്തിവരുന്ന പണിമുടക്ക് സമരം ഒന്നാം മാസത്തിലേക്ക് കടക്കുമ്പോഴും പരിഹാരനടപടികള്‍ വൈകുകയാണ്. മാനേജ്മെന്റിന്റെ കടുംപിടുത്തമാണ് സമരം തുടരാന്‍ കാരണം.
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ഹാജരാകാതിരുന്ന തൊഴിലാളികളുടെ അഞ്ച് ദിവസത്തെ ശമ്പളം തടഞ്ഞതാണ് സമരം തുടരാന്‍ ഇടയാക്കിയത്. പ്രതിഷേധിച്ച സ്ത്രീതൊഴിലാളികളെ കമ്പനി സസ്പെന്റ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും തൊഴിലാളി ചൂഷണം അവസാനിപ്പിക്കുന്നതിനുമായി ബിഎംഎസിന്റെ നേതൃത്വത്തില്‍ ഫാക്ടറിയിലെ നാല്പതോളം വരുന്ന തൊഴിലാളികള്‍ കഴിഞ്ഞ ഒരു മാസത്തോളമായി പണിമുടക്ക് സമരത്തിലാണ്.
ശാസ്താംകോട്ട സിഐയുടെയും മറ്റും നേതൃത്വത്തില്‍ പലതവണ ചര്‍ച്ച നടന്നെങ്കിലും പാവ നിര്‍മ്മാണ യൂണിറ്റിലെ മാനേജരായ സ്ത്രീയുടെ കടുംപിടുത്തം മൂലം ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനോ പിടിച്ച് വച്ച ശമ്പളം തിരികെ കൊടുക്കാനോ അവര്‍ തയ്യാറായില്ല.
നാല്പതോളം വരുന്ന സ്ത്രീതൊഴിലാളികള്‍ ഇപ്പോള്‍ ഫാക്ടറിക്ക് മുമ്പില്‍ കണിവെയ്പ് സമരം നടത്തിവരികയാണ്. ഇതിനിടയില്‍ മാനേജ്മെന്റ് പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു.
സമരക്കാര്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്എസ് ജില്ലാകാര്യവാഹ് എ. വിജയന്, താലൂക്ക് കാര്യവാഹ് രജനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഫാക്ടറിക്ക് മുമ്പില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദര്‍ശിച്ചു. സംഘത്തിന്റെയും പരിവാര്‍ സംഘടനകളുടെയും പൂര്‍ണ പിന്തുണ സമരത്തിനുണ്ടാകുമെന്ന് അവര്‍ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: