ഓയൂര്‍: മാലയില്‍ മലപ്പത്തൂര്‍ ക്രഷര്‍ യൂണിറ്റിന് എതിരെയുള്ള സമരം ഭൂമി കയ്യേറ്റക്കാര്‍ക്കും പരിസ്ഥിതി വിരുദ്ധര്‍ക്കുമുള്ള മറുപടിയാണെ് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കിളിമാനൂര്‍ സുരേഷ്. മലപ്പത്തൂരില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന അനധികൃത ക്രഷര്‍ യൂണിറ്റിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കെട്ടിയ സമരപന്തലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കുന്നുകള്‍ ഇടിച്ചു നിരത്തിയും പാറക്കെട്ടുകള്‍ ഖനനം ചെയ്തും പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രക്രിയകള്‍ അനസ്യൂതം നടക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം മാഫിയകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ്. ജലക്ഷാമം രൂക്ഷമാകുന്ന കേരളത്തില്‍ കുപ്പിവെള്ളം കുടിവെള്ളമാക്കി വിറ്റഴിക്കുന്ന ശൈലി പരിസ്ഥിതി വിരുദ്ധ സമീപനംകൊണ്ട് സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ പരിഹാരമായി മൂന്ന് സെന്റ് ഭൂമി നല്‍കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണമുണ്ടാക്കാന്‍ വേണ്ടി ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി കയ്യേറാന്‍ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെ ചോദ്യചെയ്യുന്ന നടപടിയെ ശക്തമായി എതിര്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്. മലപ്പത്തൂരിലെ 144 ഏക്കര്‍ മിച്ചഭൂമി സ്വകാര്യവ്യക്തി കയ്യേറി അനധികൃതമായി ക്രഷര്‍ എം-സാന്റ് യൂണിറ്റ് നിര്‍മ്മിക്കുന്നു.
ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് നാടിന്റെ ജലസ്രോതസ്സ് നഷ്ടപ്പെടുത്തുന്ന ഈ വ്യവസായം പരിസ്ഥിതി വിരുദ്ധമാണ്. മയിലുകളുടെ ആവാസകേന്ദ്രമായ ഇവിടം സംരക്ഷിക്കേണ്ടത് നാടിന്റെ കര്‍ത്തവ്യമാണ്. തോട്ടം ഭൂമികള്‍ മുറിച്ച് വിറ്റത് തടഞ്ഞുകൊണ്ടുള്ള കേരളാ ലാന്റ്ബോര്‍ഡിന്റെ ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും 2015 ഫെബ്രുവരി 13-ലെ ഹൈക്കോടതി വിധി മലപ്പത്തൂരിന്റെ കാര്യത്തില്‍ നടപ്പിലാക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും കിളിമാനൂര്‍ സുരേഷ് മുന്നറിയിപ്പ് നല്കി.
ഹിന്ദുഐക്യവേദി വെളിയം പ്രസിഡന്റ് ജി. വാസുപിള്ള അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ അഡ്വ.വി.കെ. സന്തോഷ്കുമാര്‍, ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ജില്ലാസമിതി അംഗം എ. വിന്‍സെന്റ്, പ്രകൃതിസംരക്ഷണവേദി താലൂക്ക് രക്ഷാധികാരി സുധാകരന് കീരിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ശ്യാംകുമാര്‍ നന്ദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: