ആലപ്പുഴ: കേരളം അതിവേഗം നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമാണെന്നും കഴിഞ്ഞ 25 വര്‍ഷം കൊണ്ട് പുതുതായി 25 ശതമാനത്തോളം പേര് നഗരവത്കരിക്കപ്പെട്ടുവെന്നും മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ആലപ്പുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വഴിച്ചേരിയിലുള്ള ബസ് സ്റ്റാന്‍ഡിന്റെ ഒന്നാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്.
കൂടുതല്‍ നഗരവത്കരിക്കപ്പെടുമ്പോള് ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നല്‍കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന നഗരസഭയാണ് ആലപ്പുഴ. ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവ പുറന്തള്ളുന്ന കക്കൂസ് മാലിന്യം ആലപ്പുഴയുടെ കുടിവെള്ളം മലിനമാക്കുന്നുണ്ട്. ഇവിടുത്തെ കിണര്‍വെള്ളം അത്ര ശുദ്ധമല്ലെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ഇതിനൊരു പരിഹാരം കാണാന്‍ നഗരസഭ സ്ഥലം കണ്ടെത്തി നല്കിയാല് സര്‍ക്കാര്‍ ചെലവില്‍ ഒരുമാസത്തിനകം കക്കൂസ് മാലിന്യ സംസ്കരണത്തിനുള്ള സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പണി തുടങ്ങാന്‍ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി.
അറവുശാലയുടെ നവീകരണത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംവിധാനമുണ്ടാക്കാനും സര്‍ക്കാര്‍ തയ്യാറാണ്. ഇതിന് കൗണ്‍സില്‍ തീരുമാനമെടുത്ത് അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ബസ്റ്റാന്‍ഡില്‍ നിന്നും ലഭിക്കുന്ന വരുമാനം അതിന്റെ നടത്തിപ്പിനായിത്തന്നെ വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
ടി.എം. തോമസ് ഐസക്ക് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബസ് സ്റ്റാന്‍ഡിന് മുന്‍ നഗരസഭാധ്യക്ഷനായിരുന്ന വി.കെ. സോമന്റെ സ്മരണാര്‍ഥം ‘വി.കെ. സോമന് സ്മാരക മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്’ എന്ന നാമകരണം പി.തിലോത്തമന് എംഎല്‍എ നിര്‍വഹിച്ചു. സ്വകാര്യബസ് സ്റ്റാന്‍ഡിലെ ആദ്യ ബസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ബസില്‍ യാത്ര ചെയ്ത് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: