ആലപ്പുഴ: മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു മുന്നിലുള്ള റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കാവശ്യമായ ബസ് ബേയും വെയിറ്റിങ് ഷെഡും നിര്‍മ്മിക്കണമെന്നു ആവശ്യമുയരുന്നു. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നു പ്രൈവറ്റ് സ്റ്റാന്‍ഡിനു മുന്നിലൂടെ കടന്നു പോകുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറിയിറങ്ങിപ്പോകണമെന്നും ബസ് സ്റ്റേഷനിലേക്കു വരുന്നവ സ്റ്റാന്‍ഡിനു എതിര്‍വശത്ത് റോഡില്‍ നിര്‍ത്തണമെന്നുമാണ് ആര്‍ടിഎ തീരുമാനം. കെഎസ്ആര്‍ടിസി ബസുകള്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ കയറ്റിയിറക്കിയാല്‍ വന്‍ തോതിലുള്ള സമയനഷ്ടമാണുണ്ടാകുന്നത്. കുറഞ്ഞത് ഓരോ ബസിനും അഞ്ചു മിനിട്ട് എങ്കിലും കൂടുതല്‍ വേണ്ടിവരും. കൂടാതെ തിരക്കും കുരുക്കും വര്‍ധിക്കും. അവയൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ അകത്തോട്ടു കയറ്റാതെ റോഡില്‍ തന്നെ നിറുത്തുന്നതായിരിക്കും ഉചിതമെന്ന് അഭിപ്രായമയരുന്നു.
സ്റ്റാന്‍ഡിനു എതിര്‍വശത്തു അടുത്തയിടെ ദീര്‍ഘവീക്ഷണമില്ലാതെ സ്ഥാപിച്ചിട്ടുള്ള ഏറോബിക് മാലിന്യ പ്ലാന്റ് കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കാന്‍ അവിടെ നിന്നു ഒഴിവാക്കണമെന്നും ആവശ്യമുയരുന്നു. യാത്രക്കാര്‍ക്കു കാത്തു നില്‍ക്കാനും ബസ് ബേയ്ക്കും ഉള്ള സ്ഥലമാണ് കനാല്ത്തീരത്തോടു ചേര്‍ന്നുള്ള പുതിയ പ്ലാന്റ് അപഹരിച്ചിരിക്കുന്നത്.
നിര്‍മാണവേളയില്‍ തന്നെ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. റോഡിനു തൊട്ടു എതിര്‍വശത്തു തന്നെ വലിയ മറ്റൊരു പ്ലാന്റ് ഉള്ളപ്പോഴായിരുന്നു ധൃതിപിടിച്ചുള്ള നിര്‍മാണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നു ബോട്ട്ജെട്ടി, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് വഴി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് ടൗണ്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് തത്തംപള്ളി റസിഡന്റസ് അസോസിയേഷന് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: