കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തില്‍ പങ്കെടുക്കുവാനായി മാതാ അമൃതാനന്ദമയീ ദേവി ഇന്ന് വൈകുന്നേരം ബ്രഹ്മസ്ഥാനത്തെത്തും. അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ വേദമന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെ ഗുരുവായൂര്‍ ദേവസ്വം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് പൂര്‍ണകുംഭം നല്കി അമ്മയെ സ്വീകരിക്കും.
30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലും 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അന്നക്ഷേത്രവും തയ്യാറായിക്കഴിഞ്ഞു. ഭക്തജനങ്ങള്‍ക്ക് താമസസൗകര്യവും കുടിവെള്ള വിതരണ സംവിധാനവും ഒരുങ്ങി. രാഹുദോഷ ശനിദോഷ നിവാരണ പൂജകള്‍, പ്രത്യേക ഹോമങ്ങള്‍ എന്നിവയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.
ബുധനാഴ്ച രാവിലെ 7 ന് രാഹുദോഷനിവാരണ പൂജയും വ്യാഴാഴ്ച രാവിലെ 7 ന് ശനിദോഷ നിവാരണ പൂജയും നടക്കും.ഏപ്രില്‍ 29, 30 തുടങ്ങിയ രണ്ട് ദിവസങ്ങളിലും രാവിലെ 5 ന് ധ്യാനം, ലളിതാസഹസ്രനാമകോടിയര്ച്ചന എന്നിവ നടക്കും. 11 ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധയും ധ്യാനവും തുടര്‍ന്ന് ദിവ്യദര്‍ശനവും ഉണ്ടാകും.
ഭക്തജനങ്ങള്‍ക്ക് മഹാഗണപതിഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം, തിലഹോമം, സുദര്‍ശനഹോമം എന്നിവ നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
30-ാം തീയതി രാവിലെ 11.30 ന് അമ്മയുടെ ദിവ്യ സാന്നിദ്ധ്യത്തില്‍ ബ്രഹ്മസ്ഥാന ക്ഷേത്ര വാര്ഷികമഹോത്സവത്തോടനുബന്ധിച്ച് സുവനീര്‍ ‘അമൃതവര്‍ഷിണി 2015’ പ്രകാശനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: