കോട്ടയം: ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2009-10 മുതല്‍ 2011-12 വരെയുള്ള വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും സഹകരണ വകുപ്പു നല്കുന്ന സംസ്ഥാനതല അവാര്‍ഡ് വിതരണവും സമ്മേളന ഉദ്ഘാടനവും കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളുടെ വളര്‍ച്ച ഓരോ കാലത്തും അതിന് നേതൃത്വം കൊടുത്തവരുടെ പ്രവര്‍ത്തന മികവാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ സഹകരണ മേഖല വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്- അദ്ദേഹം പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകള്‍ക്കുള്ള അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു
സഹകരണ സംഘങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷത വഹിച്ച സഹകരണ ഖാദി ഗ്രാമ വ്യവസായ വകുപ്പ് മന്ത്രി സി. എന്‍. ബാലകൃഷ്ണന് പറഞ്ഞു. സഹകരണ സംഘങ്ങള്‍ വലുതാകുന്നതോടൊപ്പം പ്രശ്നങ്ങളും അഭിമുഖീകരിക്കും. സാമ്പത്തിക നിയന്ത്രണങ്ങളടക്കമുള്ള നിയമങ്ങളും അവയുടെ പ്രായോഗിക വശങ്ങളും സഹകാരികളുമായി ചര്‍ച്ച ചെയ്ത് പോരായ്മകള്‍ പരിഹരിക്കും. 2012 മുതലള്ള അവാര്‍ഡുകളും ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജോസ് കെ. മാണി എംപി ആശംസ നേര്‍ന്നു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന് ജോയി, കെ എസ് സി ആര് ഡി ബാങ്ക് പ്രസിഡന്റ് സോളമന് അലക്സ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്‍സി പാറേല്‍, പി എ സിഎസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.ജെ. അജയ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടുക്കി (2008-9, 2009-10), കോഴിക്കോട് (2009-10), പത്തനംതിട്ട (2010-11), എറണാകുളം (2011-12) ജില്ലാ സഹകരണ ബാങ്കുകള്‍ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ (2008-9), കോഴിക്കോട് (2008-9), ആലപ്പുഴ (2009-10), തൃശൂര്‍ (2010-11), ഇടുക്കി (2011-12) ജില്ലാ സഹകരണ ബാങ്കുകള്‍ രണ്ടും എറണാകുളം (2008-9), കണ്ണൂര്‍ (2009-10), വയനാട് (2010-11), തൃശൂര്‍ (2011-12) ജില്ലാ സഹകരണ ബാങ്കുകള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം സ്വാഗതവും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്‍. കെ. വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: