കുട്ടനാട്: കൈനകരി സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയ സിപിഎം നേതാവുള്പ്പടെയുളളവര്ക്കെതിരേ നെടുമുടി പോലീസ് കേസെടുത്തു.
ക്രമക്കേട് സംബന്ധിച്ച് കുട്ടനാട് എആര്‍ ഓഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.ആര്. ഷാജി നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മുന്‍ ജീവനക്കാരന് എസ്. സുധിമോന്‍, താത്കാലിക ജീവനക്കാരന് കെ. സുരേഷ്കുമാര്‍, മുന്‍ സെക്രട്ടറി ജി. ഗോപാലകൃഷ്ണ പണിക്കര്‍ എന്നിവരുള്‍പ്പടെ ആറുപേരെ പ്രതിചേര്‍ത്ത് എസ്പിയുടെ ശുപാര്‍ശപ്രകാരമാണ് കേസെടുത്തത്. വിത്ത്, വളം, കീടനാശിനി എന്നിവയില്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡിയിനത്തില്‍ 29 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
2009 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് ഇവര്‍ കൃത്രിമ രേഖയുണ്ടാക്കിയാണ് ക്രമക്കേട നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തുടര്‍ന്ന് അന്വേഷണം വിജിലന്‍സിന് കൈമാറാനാണ് സാദ്ധ്യത. തട്ടിപ്പിന്റെ വ്യാപ്തി അഞ്ചുലക്ഷത്തിന് മുകളിലായതുകൊണ്ട് വിജിലന്‍സിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കായിരിക്കും അന്വേഷണ ചുമതല.
അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സംഘവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് തകഴി ഏരിയ സെക്രട്ടറി അഡ്വ. കെ.ആര്. ഭഗീരഥന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: