കാക്കനാട്: ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കീഴില്‍ രണ്ടുപാലങ്ങള്‍ നിര്‍മിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഭൂമി ഏറ്റെടുക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ഉന്നതതല കമ്മിറ്റിക്ക് റിപ്പോര്‍ട്ട് അയച്ചു. മൂലമ്പള്ളിയില്‍നിന്ന് പിഴലയിലേക്കും വലിയ കടമക്കുടിയില്‍നിന്ന് ചാത്തനാട്ടേക്കുമുള്ള പാലങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പിന്റെ അനുമതിയാണു തേടിയിരിക്കുന്നത്.
231 മീറ്റര്‍ നീളത്തിലുള്ള മൂലമ്പിള്ളി പിഴല പാലത്തിന് കടമക്കുടി വില്ലേജില്‍ നിന്നും നാല് ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. വലിയ കടമക്കുടിചാത്തനാട് പാലത്തിന് 396 മീറ്ററാണ് നീളം. ഇതിനായി കടമക്കുടി, ഏഴിക്കര വില്ലേജുകളില്‍ നിന്നായി അഞ്ച് ഏക്കറോളം സ്ഥലവുമാണ് വേണ്ടിവരുക. ഈ പാലങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഭരണാനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ റോഡില്‍ നിന്നാരംഭിക്കുന്ന മൂലമ്പിള്ളി പിഴല പാലത്തിനാണ് ആദ്യം ഭരണാനുമതി നല്‍കിയത്. അതിനു ശേഷമാണ് വലിയ കടമക്കുടി ചാത്തനാട് പലത്തിന് അനുമതിയായത്. മൂലമ്പിള്ളിചാത്തനാട് റോഡ് പദ്ധതിയില്‍ മൂന്ന് വലിയ പാലവും ഒരുചെറിയ പാലവുമാണ് ഉള്‍പ്പെടുന്നത്. കണ്ടെയ്നര്‍ റോഡില്‍നിന്ന് ആരംഭിച്ച് പെരുമ്പടന്നയില്‍ എന്‍.എച്ച് 17മായി യോജിക്കുന്നതാണ് പദ്ധതി.
പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കുക. ജിസിഡിഎ സ്പെഷല്‍ തഹസില്‍ദാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥരെ ഉടന്‍ നിയമിച്ച ശേഷമായിരിക്കും പദ്ധതി പ്രദേശത്ത് സംയുക്ത സ്ഥല പരിശോധന. ഉടമകളുമായി ധാരണയുണ്ടാക്കി സ്ഥലമേറ്റെടുത്ത് റോഡും പാലങ്ങളും യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. നിര്‍ദ്ദിഷ്ട റോഡ് കടന്നു പോകുന്ന പ്രദേശത്ത് നിലവില്‍ ഗതാഗത സൗകര്യമില്ല. ചിലയിടങ്ങളില്‍ പോക്കറ്റ് റോഡുകളും നടപ്പാതകളും മാത്രമാണ് ഉള്ളത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ളസ്ഥലമേറ്റെടുക്കല് നടപടികളാണ് കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: