കോട്ടയം: പഞ്ചായത്ത് റോഡിലെ കയ്യേറ്റം ചോദ്യംചെയ്ത പഞ്ചായത്ത് മെമ്പര്‍ക്കും മകനുംനേരെ വധശ്രമം. പായിപ്പാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ ശൈലമ്മ രാജപ്പനും മകനുംനേരെയാണ് വധശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങരപ്പറമ്പ് മോഹനന്റെ മകന് അഖിലിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
പായിപ്പാട് പഞ്ചായത്തിലെ റോഡ് രജിസ്ട്രറ്റില് ഉള്‍പ്പെട്ട വാനാട്-തെക്കെക്കടവ് റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തിന്റെ രേഖകളില്‍ 8 അടി വീതിയുള്ളതായി പറയുന്ന റോഡില്‍ മോഹനന്റെ പുരയിടത്തിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ ഒരടികുറവാണ്. മോഹനന് റോഡിലേക്ക് ഒരടിയിറക്കിയാണ് മതില്‍കെട്ടിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ റോഡിന്റെ ഗുണഭോക്താക്കള്‍ മെമ്പര്‍ ശൈലമ്മ രാജപ്പന്റെ നേതൃത്വത്തില്‍ മോഹനനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സമയം പ്രകോപിതനായ മോഹനന് കല്ലെടുത്ത് മെമ്പറെ ആക്രമിക്കുവാന്‍ ശ്രമിക്കുകയും കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വാര്‍ഡ് മെമ്പര്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ രണ്ടുകൂട്ടരേയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നതാണ്.
എന്നാല്‍ കഴിഞ്ഞദിവസം രാത്രിയില്‍ മെമ്പര്‍ ശൈലമ്മ രാജപ്പനും മകനും അടക്കമുള്ളവര്‍ വീട്ടിലിരിക്കുമ്പോള്‍ മോഹനന്റെ മകന് അഖില്‍ വെട്ടുകത്തിയുമായി ശൈലമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് മകനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഓടികൂടിയ അയല്‍ക്കാര്‍ അറിയിച്ചതിനുസരിച്ചെത്തിയ പോലീസാണ് ഇവരെ ചങ്ങനാശ്ശേരി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരപരാധിയായ യുവാവിനെ പഞ്ചായത്ത് മെമ്പര്‍ കള്ളക്കേസില്കുടുക്കിയെന്ന് ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശൈലമ്മരാജപ്പന് ജന്മഭൂമിയോട് പറഞ്ഞു. പതിനഞ്ച് വര്‍ഷമായി പായിപ്പാട് പഞ്ചായത്ത് മെമ്പറായും ബിജെപിയുടെ ഭാരവാഹി എന്നനിലയിലും പൊതുപ്രവര്‍ത്തനരംഗത്തുള്ള തന്റെഭാഗം അന്വേഷിക്കുകപോലും ചെയ്യാതെ പൊതുകാര്യത്തിലിടപ്പെട്ടതിന്റെ പേരില്‍ തന്നെ സാമൂഹ്യവിരുദ്ധയായി ചിത്രീകരിച്ച മാധ്യമങ്ങളുടെ നടപടി ഖേദകരമാണെന്നും ശൈലമ്മ രാജപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: