ചേര്‍ത്തല: ആറ് വര്‍ഷത്തോളമായി ഒളിവിലായിരുന്ന ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ ഭാര്യ കോടതിയില്‍ ഹാജരാക്കി. കോടതി പലതവണ വാറന്റ് അയക്കുകയും പ്രതിയെ ഹാജരാക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് കോടതി ഉത്തരവ് നല്‍കുകയും ചെയ്തിട്ടും ഹാജരാക്കുവാന്‍ കഴിയാതിരുന്ന പ്രതിയെയാണ് ഭാര്യ നേരിട്ട് പിടിച്ചുകൊണ്ട് വന്നത്.
ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ഉണ്ണിക്കൃഷ്ണന് മുന്‍പാകെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ വെളിയില്‍ ഡൊമിനിക്കി (രാജു-45)നെ ഹാജരാക്കിയത്. സഹോദരന്റെ ജാമ്യത്തില്‍ കോടതി പിന്നീട് ഇയാളെ വിട്ടയച്ചു. ഉഴുവ സ്വദേശിനിയായ ഭാര്യ 2004 ഏപ്രിലിലാണ് ഗാര്‍ഹിക പീഡനത്തിന് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇയാള്‍ ഹാജരാകാതെ വന്നതോടെ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നതിന് പരാതി നല്കി. ഈ കേസിലും ഡൊമിനിക് ഹാജരാകാതെ വന്നതോടെയാണ് 2009ല്‍ കോടതി വാറന്റ് അയച്ചത്.
മാരാരിക്കുളം, അര്‍ത്തുങ്കല്‍ പോലീസിനും പിന്നീട് ജില്ലാ പോലീസ് മേധാവിക്കും ഇയാളെ ഹാജരാക്കുന്നതിന് കോടതി നിര്‍ദ്ദേശം നല്‍കിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കേസിന്റെ അവധിക്ക് ഇന്നലെ വാദിയായ ഭാര്യ കോടതിയില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ സമീപത്തെ കടയില്‍ നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കോടതിയില്‍ എത്തിക്കുകയായിരുന്നു. ഏറെ നാള് വിദേശത്തായിരുന്ന പ്രതി നാട്ടില്‍ എത്തി ട്രാവല്‍ ഏജന്‍സി നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: