പള്ളിക്കത്തോട്: രണ്ട് വര്‍ഷത്തിലധികമായി ശൗചാലയമില്ലാതെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വക ബസ് സ്റ്റാന്‍ഡ്. പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നീ പേരുകളില്‍ പഞ്ചായത്ത് ബജറ്റില്‍ പണം മാറ്റിവയ്ക്കുന്നത് പതിവാണെങ്കിലും യാത്രക്കാര്‍ പ്രാഥമികാവശ്യ നിര്‍വ്വഹണമെങ്കില്‍ പൊതുനിരത്തിനെ ആശ്രയിക്കേണ്ട അവസ്ഥ.
നിലവിലുണ്ടായിരുന്ന മൂത്രപ്പുരയും കക്കൂസും പൂട്ടിയിട്ടിരിക്കുന്നു. ട്രയിനേജ് സൗകര്യമില്ലാത്തതാണ് കാരണമെന്ന് അധികാരികള്‍ പറയുന്നത്. പുതിയ ശൗചാലയത്തിന്റെ നിര്‍മ്മാണത്തിന് തൂണ് വാര്‍ത്തിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പണി എങ്ങുമെത്തിയില്ല.
ബസ് ജീവനക്കാരും ഓട്ടോ ടാക്സി ഡ്രൈവര്‍മാരും ഫഌക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ച് ഓടയ്ക്കുമുകളില്‍ താല്‍ക്കാലിക മൂത്രപ്പുര നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ഇതും സ്ത്രീ യാത്രക്കാര്‍ക്ക് ഉപകരിക്കില്ല. 45 ബസുകള്‍ ഒരു ദിവസം ഈ സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്നത്. 50ലധികം വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. നൂറോളം ഓട്ടോ ടാക്സി ഡ്രൈവര്‍മാരും ആശ്രയിച്ചിരുന്നത് ഈ ശൗചാലയത്തെയാണ്.
ബസ് സ്റ്റാന്‍ഡിലെ ഓടയില്‍ നിന്നും മൂത്രം ഉള്‍പ്പെടെയുള്ള മാലിന്യം ഒഴുകിയെത്തുന്നത് പള്ളിക്കത്തോട്ടിലെ തോട്ടിലും. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള മിക്ക സ്ഥാപനങ്ങളും ഉപയോഗിക്കുന്നത് ഈ തോട്ടിലെ വെള്ളവും. മലമൂത്രാദികളും ഇതരമാലിന്യങ്ങളും നിറഞ്ഞതോടെ ടൗണും പരിസരവും പകര്‍ച്ചവ്യാധി ഭീഷണിയിലുമായി. ഡെങ്കിപ്പനി ബാധിച്ച് ആളുകള്‍ മരിക്കാനിടയായ കോട്ടയം ജില്ലയിലെ ഏക പഞ്ചായത്താണ് പള്ളിക്കത്തോട് പഞ്ചായത്ത്. പ്രദേശമാകെ പകര്‍ച്ചവ്യാധി ഭീഷണിയിലായിട്ടും ബസ് സ്റ്റാന്‍ഡില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തധികൃതര്‍ക്ക് ഇതൊന്നും കണ്ടമട്ടില്ല. അധികൃതരുടെ അവഗണനക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് യാത്രക്കാരും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: