കോട്ടയം: ഒന്‍പതു വര്‍ഷം മുന്‍പ് തിരുനക്കര ക്ഷേത്രത്തില്‍ നിന്നു ഓട്ടുവിളക്കുകളും പാത്രങ്ങളും മോഷ്ടിച്ച കേസിലെ പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടി. പത്തനംതിട്ട കോഴഞ്ചേരി പുന്നക്കാട് തുണ്ടേരില് വീട്ടില്‍ പ്രസാദി(50)നെയാണ് വെസ്റ്റ് സിഐ സക്കറിയ മാത്യു അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: 2006 ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ ചുറ്റമ്പലത്തിനുള്ളിലെ തെക്കേ വാതിലിനു സമീപത്തായി സൂക്ഷിച്ചിരുന്ന അഞ്ച് ഓട്ടുവിളക്കുകളാണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്നു ഇതു നഗരത്തിലെ ആക്രിക്കടയില്‍ വില്‍ക്കുകയും ചെയ്തു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴേക്കും പ്രതിയായ പ്രസാദ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോടിമതയിലെ ബാറ്ററിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നു രക്ഷപെട്ട ശേഷം ചെറിയ മോഷണങ്ങള്‍ നടത്തിയ പ്രതി കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കറങ്ങി നടക്കുകയായിരുന്നു. പഴയ കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രസാദ് ആറന്മുളയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നു വെസ്റ്റ് എസ്ഐ ടി.ആര് ജിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരംഗന്‍, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്ഐ ഡി.സി വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എന്‍ മനോജ്, സിപിഒ പ്രതീഷ് രാജ് എന്നീവര്‍ ചേര്‍ന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: