ഇന്ത്യയില്‍ വാമനന് പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കാക്കര ക്ഷേത്രം (തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം). എറണാകുളം ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത് ആയ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തില്‍ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകള്‍ ഇവിടത്തെ ഓണസദ്യയില്‍ പങ്കെടുക്കുന്നു.
തൃക്കാക്കര എന്ന സ്ഥലനാമം ‘തിരുകാല്‍ക്കരൈ’യുടെ ചുരുക്കപേരാണ്. ക്ഷേത്രനിര്‍മ്മാണത്തോടെയാകണം തിരു(തൃ) വിശേഷണം സ്ഥലപേരിന്റെ മുമ്പില്‍ വന്നുചേര്‍ന്നത്. കാല്‍കരൈ നാടിന്റെ ഭരണസഭ തൃക്കാക്കരക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നത്. ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്നതിനാല്‍ ആവാം തിരുകാല്‍ക്കര എന്ന പേര് ലഭിച്ചത് എന്നും പറയുന്നു.
എറണാകുളം തൃക്കാക്കരയിലെ മഹാദേവ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. കേരളത്തിലെ അല്ല, ലോകത്തിലെ തന്നെ ഏക വാമന ക്ഷേത്രമാണ് ഇത്. മഹാബലിയെ ചവിട്ടാനായി കാലുയര്‍ത്തി നില്ക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്.
ഓണത്തോടനുബന്ധിച്ചാണ് തുക്കാക്കര ക്ഷേത്രത്തിലെ തിരുവുത്സവം. ഭാരതത്തില്‍ ആകെ 108 വൈഷ്ണവ ക്ഷേത്രങ്ങളാണ് ഉള്ളത്. അതിലൊന്നാണ് തുക്കാക്കര ക്ഷേത്രം. പക്ഷേ ഇവിടെ മാത്രമാണ് വിഷ്ണുവിനെ വാമനരൂപത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. അത്തം മുതല്‍ പത്ത് ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം. പത്ത് ദിവസം മുടങ്ങാതെ ക്ഷേത്രത്തില്‍ കുളിച്ചു തൊഴുന്നവര്‍ക്ക് ഇഷ്ടകാര്യ സിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ഇന്നും ഇഷ്ടകാര്യ സിദ്ധിക്കായി നിരവധി ആളുകള്‍ ഈ മഹാക്ഷേത്രത്തില്‍ എത്താറുണ്ട്.
4,500 വര്‍ഷങ്ങള്‍ക്കു മുമ്പ് പരശുരാമനാലാണ് ഈ ക്ഷേത്രം സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മഹാബലി, വാമനമൂര്‍ത്തിയുടെ കാല് കഴുകിയപ്പോള്‍ ജലം ഒഴുകി ചേര്‍ന്നുണ്ടായ ദാനോദക പൊയ്ക ഇപ്പോഴും ഈ ക്ഷേത്രത്തിന് സമീപമുണ്ടത്രേ. മാവേലിയെ ആരാധിച്ചിരുന്ന മഹാദേവന്റെ ഗൗരീ ശങ്കര ധ്യാന രൂപത്തിലുള്ള മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിട്ടുള്ള ശിവക്ഷേത്രവും ഇതിന് സമീപമുണ്ട്.
കേരളത്തില്‍ മാത്രമല്ല, അങ്ങ് തമിഴ്നാടു വരെ ഈ ക്ഷേത്രം പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. വിഷ്ണുഭക്തന്മാരായ നമ്മാള്‍വര്‍, തിരുമങ്കയാള്വാര് തുടങ്ങിയ പ്രശസ്തര്‍ പണ്ട് ഈ ക്ഷേത്രം സന്ദര്‍ശിച്ച് ഭഗവാന് പാടലുകള്‍ അര്‍പ്പിച്ചതായി ചരിത്രം തന്നെയുണ്ട്.
പ്രതിഷ്ഠാ സമയത്ത് തുക്കാക്കര ക്ഷേത്രത്തിനു ചുറ്റും 27 ദേവന്മാരെ കുടിയിരുത്തി എന്നാണ് ഐതിഹ്യം പറയുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യം വിശ്വാസികള്‍ ഈ ക്ഷേത്രത്തിന് നല്‍കുന്നുണ്ട്. ക്ഷേത്രത്തില്‍ വാമനനും ശിവനുമാണ് പ്രധാന പ്രതിഷ്ഠകള്‍. ഇരുവരും കിഴക്കോട്ട് ദര്‍ശനമായി വാഴുന്നു. പാര്‍വ്വതി, ഗണപതി, അയ്യപ്പന്, സുബ്രഹ്മണ്യന്, ശ്രീകൃഷ്ണന് (ഗോശാലകൃഷ്ണസങ്കല്പം), നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: