ആലപ്പുഴ: ജില്ലാ പോലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമില്‍ ജോലിഭാരം കൂടുന്നു, പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാകുന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ മുന്‍മ്പ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്ത് കണ്ട്രോള് റൂമിലെ പോലിസുക്കാര്ക്കാണ് 24 മണിക്കൂറും ബൈക്ക് പട്രോളിങ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നത്.
നാല് ബൈക്കുകളിലായി എട്ട് പോലിസുകാര്‍ വീതമാണ് ദിവസവും 24 മണിക്കൂര്‍ വീതം മാറിമാറി ബൈക്ക് പെട്രോളിങ് നടത്തുന്നത്. നാല് ബൈക്കും രണ്ട് ജീപ്പുമാണ് പട്രോളിങ്ങിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. ജീപ്പില്‍ പട്രോളിങ് നടത്തുന്ന പോലീസുക്കാര്‍ക്കും 24 മണിക്കൂര്‍ ഡ്യൂട്ടി ബാധകമാണ്. അടിയന്തര ഘട്ടങ്ങളിലൊഴികെ 12 മണിക്കൂര്‍ ഡ്യൂട്ടി നോക്കിയാല്‍ മതിയെന്ന് കേരള പോലീസ് ആക്റ്റില്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ 24 മണിക്കൂര്‍ ഡ്യൂട്ടി മനുഷ്യാവകാശ ലംഘനമാണെന്ന് പോലീസ് സേനയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
രാവിലെ എട്ട് മുതല്‍ പിറ്റേന്ന് രാവിലെ എട്ടു വരെയാണ് പട്രോളിങ് നടത്തുന്നത്. ഇവര്‍ക്ക് യഥാസമയം ഭക്ഷണം കഴിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതി. ആലപ്പുഴ സൗത്ത്, നോര്‍ത്ത് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട പാതിരപ്പള്ളി മുതല്‍ കളര്‍കോട് ദേശിയപാത വരെയും, കൂടാതെ ആലപ്പുഴ നഗരസഭാ അതിര്‍ത്തിലെ വിവിധ പ്രദേശങ്ങളിലും ഇവര്‍ പട്രോളിങ് നടത്തണം. എസ്ഐ മുതല്‍ താഴോട്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ വരെയാണ് ദുരിതം ഏറെ അനുഭവിക്കുന്നത്. കണ്ട്രോള് റൂം തുറന്നത് അഭിനന്ദനാര്‍ഹമാണെങ്കിലും കൂടൂതല്‍ പോലീസുകാരെ നിയമിക്കാത്തത് പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: