മുഹമ്മ: സാന്ദ്രസംഗീതത്തിന്റെ വഴിയില്‍ നിന്നും പടിയിറങ്ങിപ്പോയ ആതിരയ്ക്ക് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും യാത്രാമൊഴി. ഏപ്രില്‍ നാലിന് രാത്രി 8.20ന് മണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ആതിരയുടെ ജീവന് പൊലിഞ്ഞത് വലിയ പാട്ടുകാരിയാകാനുള്ള മോഹം ബാക്കിവച്ചാണ്.
കരുനാഗപ്പള്ളിയില്‍ നടക്കുന്ന ഗാനമേളയില്‍ പാടുന്നതിന് വേണ്ടി അച്ഛന് സാബുവിനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യവെയാണ് അപകടം. ഗാനമേള ട്രൂപ്പ് ആതിരയ്ക്കും അച്ഛനും വേണ്ടി ആലപ്പുഴ നഗരത്തില്‍ കാത്തുകിടപ്പൂണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സാബുവിനെ മകളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിച്ചത് വികാരനിര്‍ഭരമായിരുന്നു.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട മുഹമ്മ ഒമ്പതാം വാര്‍ഡ് കണ്ടത്തില്‍ സാബു എന്തുവിലകൊടുത്തും മക്കളുടെ ആഗ്രഹം സാധിച്ചിരുന്നു. അതിനാലാണ് എസ്ഡി കോളേജില്‍ ബിരുദത്തിന് പഠിക്കുന്ന മകളെ പാട്ടുപാടാന്‍ അയച്ചിരുന്നതും. മൂത്തമകള്‍ വിവാഹിതയായതോടെ കുടുംബത്തിലെ ഏക പെണ്തരി ആതിരയായിരുന്നു.
പാട്ടിനൊപ്പം പഠനത്തിലും മികവ് പുലര്‍ത്തിയിരുന്ന ആതിര സംഗീതലോകത്ത് ഉയരങ്ങള്‍ കീഴടക്കുമെന്ന സ്വപ്നം അച്ഛന് സാബുവിനും അമ്മ രാധാമണിക്കുമുണ്ടായിരുന്നു. മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗീതപ്രേമികളുടെയും സ്വപ്നങ്ങള്‍ ബാക്കിവച്ച് സംഗീതമില്ലാത്ത ലോകത്തേക്ക് യാത്രയായ ആതിരയ്ക്ക് നാടിന്റെ ആദരവ് കണ്ണീരില്‍ കുതിര്‍ന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: