കൊല്ലം: എ.എ. റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രി, സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്നു. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാതെ വിദഗ്ധ ചികിത്സയുടെ മറവില്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവെന്നാണ് ആക്ഷേപം. എന്നാല്‍, മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാന്‍ മണിക്കൂറുകളോളം സമയം വേണ്ടി വരുമെന്നതിനാല്‍ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യാശുപത്രികളിലേക്കാണ് രോഗികളുമായി പോകുന്നത്.
ഒരു മാസമായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഇസിജി ഡിപ്പാര്‍ട്ട്മെന്റും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സൂപ്രണ്ട് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം പക്ഷാഘാതത്തെ തുടര്‍ന്ന് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുണ്ടയ്ക്കലിലെ 67 വയസുള്ള ഷണ്മുഖനെ മുഖത്തിന്റെ ഇടതുവശം കോടിപ്പോയതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച് സിടി സ്കാന്‍ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. രോഗിയുടെ ബന്ധുക്കള്‍ സ്കാന്‍ ചെയ്യാന്‍ 800 രൂപ അടക്കുകയും ചെയ്തു.
എന്നാല്‍, ഫിലിം നല്‍കാതെ പരിശോധനാഫലം മാത്രമാണ് രോഗിക്ക് നല്‍കിയത്. ഇതുമൂലം ഡോക്ടര്‍മാര്‍ക്ക് രോഗ നിര്‍ണയം നടത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ റഫറര്‍ ചെയ്തു. അവിടെ നിന്ന് സിടി സ്കാന്‍ വീണ്ടും എടുക്കേണ്ടി വന്ന സ്ഥിതിയാണ് രോഗിക്കുണ്ടായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിടി സ്കാന്‍ എടുക്കാന്‍ വരുന്ന രോഗികള്‍ക്ക് പരിശോധനയുടെ ഫിലിം നല്‍കാറില്ല. ഇതുമൂലം ഡോക്ടര്‍മാര്‍ക്ക് രോഗം നിര്‍ണയിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പരിശോധനാ റിപ്പോര്‍ട്ട് മാത്രമേ നല്‍കാറുള്ളൂവെന്നാണ് രോഗികളുടെ പരാതി. ഇതുമൂലം മറ്റു സ്വകാര്യാശുപത്രികളില്‍ ഈ റിപ്പോര്‍ട്ടുമായി ചെന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, പണം ചെലവഴിച്ച് വീണ്ടും സിടി സ്കാന്‍ എടുക്കേണ്ടി വരുന്ന ദുരവസ്ഥയാണ് രോഗികള്‍ക്കുള്ളത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകാത്തതില്‍ ജനരോഷം ശക്തമാണ്.
ജില്ലാ ആശുപത്രിയില്‍ ന്യൂറോ സര്ജന് ഉള്ളതായി ആശുപത്രി രേഖകളില്‍ ഇല്ലെന്നിരിക്കെ, ഡോ. ജാലിസ ബീവി വര്‍ക്കിംഗ് എറേഞ്ച്മെന്റില് ഫിസിഷ്യന്‍ ആയാണ് ജോലി ചെയ്യുന്നതെന്ന് സൂപ്രണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വര്‍ക്കിംഗ് എറേഞ്ച്മെന്റില് ന്യൂറോളജിസ്റ്റായി ജോലി ചെയ്യുന്നതായാണ് സൂപ്രണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആശുപത്രിയിലെത്തുന്ന രോഗികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: